വി മുരളീധരന് കൊറോണ ബാധയില്ല; പരിശോധന ഫലം നെഗറ്റീവ്

കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാ ഫലം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മുരളീധരന്‍ പരിശോധനയ്ക്ക് വിധേയനായത്. പരിശോധന നടക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു.

ശനിയാഴ്ചയാണ് വി മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തത്. ഇതിന് മുമ്ബായി ഏതെങ്കിലും തരത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടോ എന്ന് ആശുപത്രി അധികൃതരോട് മുരളീധരന്റെ ഓഫീസ് ചോദിച്ചറിഞ്ഞിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ലഭിച്ച മറുപടി. തുടര്‍ന്ന് മന്ത്രി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. കൊറോണ നിരീക്ഷണത്തിലുള്ള ഡോക്ടര്‍ യോഗത്തില്‍ പങ്കെടുത്തതില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ ആശുപത്രി അധികൃതരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

ഈ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കഴിഞ്ഞ ദിവസമാണ് കൊറോണവൈറസ് സ്ഥിരീകരിച്ചത്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഡോക്ടര്‍മാരും മന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തോ എന്ന സംശയത്തിലാണ് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്.

സ്‌പെയിനിലേക്ക് പരിശീലനത്തിന് പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളിപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വിദേശത്തുനിന്നെത്തിയശേഷം ഇദ്ദേഹം മൂന്നുദിവസം ശ്രീചിത്ര ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. അതിനാലാണ് 47 ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരേയും നിരീക്ഷണത്തിലാക്കിയത്. ഇയാള്‍ ജോലി ചെയ്തിരുന്ന റേഡിയോളജി ലാബാണ് അടച്ചത്.