അന്ന് ക്ലാസ്മുറികള്‍ വ്യത്തിയാക്കുന്ന ചേച്ചി, ഇന്ന് അതേ സ്‌കൂളിലെ പ്രീയപ്പെട്ട അധ്യാപിക, മാതൃകയാക്കാം ലിന്‍സയെ

അന്നു ക്ലാസ് മുറികള്‍ വൃത്തിയാക്കുന്ന ചേച്ചിയായിരുന്നു വിദ്യാര്‍ഥികള്‍ക്ക് ആര്‍.ജെ ലിന്‍സ. ഇന്നു വിദ്യാര്‍ഥികള്‍ ഏറെ സ്‌നേഹിക്കുന്ന ഇംഗ്ലീഷ് അധ്യാപികയും. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലിന്‍സയാണ് കഠിനാധ്വാനത്തിലൂടെ ജീവിതം വെട്ടിപ്പിടിച്ച് സമൂഹത്തിനൊന്നാകെ മതൃകയായത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലിയില്‍ പ്രവേശിച്ച വിദ്യാലയത്തില്‍ തന്നെ അധ്യാപികയായി എത്തിയ ആര്‍.ജെ. ലിന്‍സയെന്ന അധ്യാപികയുടെ കഥ ഒരു ഓര്‍മപ്പെടുത്തലാണ്. പഠിക്കാന്‍ മനസ്സുണ്ടായാല്‍ ആഗ്രഹിച്ച ജോലിയില്‍ എത്താമെന്ന ഓര്‍മപ്പെടുത്തല്‍.

ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായിരുന്ന വടകര കിഴക്കന്‍ പേരാമ്പ്രയിലെ കെ.കെ.രാജന്റെ മകളാണ് ലിന്‍സ. 2001 ല്‍ പിതാവ് രാജന്‍ മരിക്കുമ്പോള്‍ ലിന്‍സ ബിരുദ വിദ്യാര്‍ത്ഥിനിയും അനുജന്‍ ഒമ്പതാം ക്ലാസിലുമായിരുന്നു. പിതാവിന്റെ മരണത്തോടെ ബിരുദ പഠനം പാതി വഴിയിലായി. ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഒരു സ്വീപ്പറുടെ ദീര്‍ഘകാല അവധി വന്നപ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഈ ഒഴിവു ലിന്‍സക്ക് നല്‍കി. വീട്ടിലെ ജീവിത പരിതസ്ഥിതിയില്‍ ജോലിയില്‍ പ്രവേശിച്ചു. കാലത്ത് എട്ടിനെത്തി തൂപ്പുജോലികള്‍ പുര്‍ത്തിയാക്കിയാല്‍ വൈകുന്നേരം വരെ ധാരാളം സമയം. ഈ സമയം നഷ്ടപ്പെടുത്തരുതല്ലോ എന്നു കരുതി. മുറിഞ്ഞുപോയ ബിരുദ പഠനം പുര്‍ത്തിയാക്കി.

തുടര്‍ന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎയും പാസായി. അവധിയില്‍ പോയ ജീവനക്കാരന്‍ തിരിച്ചത്തിയതിനാല്‍ 2006 ല്‍ തൂപ്പുജോലിയും നഷ്ടമായെങ്കിലും 2008ല്‍ ബിഎഡും പാസായി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ലൈബ്രറിസയന്‍സില്‍ ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും നേടി . സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപികയായി ജോലിയില്‍ കയറി. കഴിവും അര്‍ഹതയുമുള്ള യുവതിയുടെ ജീവിതം പാഴാവുന്നതില്‍ വിഷമമുണ്ടായിരുന്ന ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറിയിലെ പ്രധാന അധ്യാപികയുടെ നിര്‍ദേശപ്രകാരം ലിന്‍സ ടീച്ചര്‍മാര്‍ക്കുള്ള എലിജിബിലിറ്റി ടെസ്റ്റ് എഴുതി യുപിയിലും ഹൈസ്‌കുളിലും പഠിപ്പിക്കാനുള്ള യോഗ്യതയും നേടി.

ഹയര്‍സെക്കന്‍ഡറി അധ്യാപക യോഗ്യതയും സ്വന്തമാക്കിയതോടെ 2018 ജൂണില്‍ ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂള്‍ വിഭാഗം അധ്യാപന ജോലിയില്‍ പ്രവേശിച്ചു. അഞ്ചുവര്‍ഷം തൂപ്പുകാരിയായ ലിന്‍സയെ അധ്യാപികയുടെ വേഷത്തില്‍ കണ്ടപ്പോള്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തുടക്കത്തില്‍ അത്ഭുതമായിരുന്നു.