ഗർഭിണികൾക്കും കൊറോണ വാക്‌സിനെടുക്കാം; കേന്ദ്ര ആരോഗ്യമന്ത്രാലയം

ഇനിമുതൽ ഗർഭിണികൾക്കും കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിക്കാമെന്നു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. ഗർഭിണികളിലും രോഗബാധ പടരുന്ന സാഹചര്യത്തിൽ വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം വിദഗ്ധ നിർദ്ദേശം തേടുകയും, പഠനം നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്റെ നിർദ്ദേശ പ്രകാര൦ കേന്ദ്രത്തിന്റെ നടപടി.

നിലവിൽ രാജ്യത്ത് നൽകിവരുന്ന നാല് വാക്‌സിനുകളിൽ ഏതും താത്പര്യമുള്ള ഗർഭിണികൾക്ക് കൊവിൻ ആപ്പ് മുഖേനയോ, കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ വാക്‌സിനായി രജിസ്റ്റർ ചെയ്യാം. ഗർഭിണികൾക്ക് വാക്‌സിൻ നൽകുന്നതിനായി ആരോഗ്യപ്രവർത്തകർക്ക് ഉടൻ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊറോണ ലക്ഷണങ്ങൾ പ്രകടമാകുന്ന ഗർഭിണികളുടെ ആരോഗ്യനില സങ്കീർണമാകുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്. ഉയർന്ന രക്തസമ്മർദ്ദം, തടി, എന്നിവയുള്ളവരിലും, 35ന് മുകളിൽ പ്രായമുള്ളവരിലും മരണത്തിനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിക്കാൻ നേരത്തെ ഗർഭിണികൾക്ക് അനുമതി നൽകിയിരുന്നില്ല.