തലസ്ഥാനത്ത് യുവതിക്ക് നേരെയുണ്ടായ അതിക്രമം ; പോലീസ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ , വിവാദം

തിരുവനന്തപുരം : നടുറോഡിൽ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിൽ പോലീസ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവിയുടെ പരാമര്‍ശം വിവാദമായി. പരാതിക്കാരി വിളിക്കുക മാത്രമാണ് ആദ്യം ചെയ്തതെന്നും പരാതി നല്‍കിയില്ലെന്നും അതുമൂലമാണ് പോലീസിന്റെ ഭാഗത്തുനിന്നു നടപടി വൈകാന്‍ കാരണമായി വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞത്.

എന്നാല്‍, ഈ പരാമർശം കടുത്ത വിമർശനത്തിന് ഇടയാക്കിയതോടെ , അവര്‍ പരാതിക്കാരിയെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി തിരുത്തിപ്പറയുകയും ചെയ്തു. കേസിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് കെ.കെ.രമ എം.എല്‍.എ. പറഞ്ഞു. ചൊവ്വാഴ്ച സഭയില്‍ വിഷയം ചൂണ്ടിക്കാട്ടുകയുണ്ടായി.

സംഭവത്തിൽ വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പോലീസിനെ ന്യായീകരിച്ചത് തെറ്റാണെന്ന് കെ.കെ.രമ പറഞ്ഞു. അക്രമത്തിനിരയായ യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു കെ.കെ.രമയുടെ പ്രതികരണം. ആക്രമണം ഉണ്ടായതിന് പിന്നാലെ യുവതിയുടെ മകൾ പേട്ട പോലീസിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു എന്നാൽ സ്റ്റേഷനിൽ എത്തി മൊഴി നൽകാനായിരുന്നു പറഞ്ഞത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണു പോലീസ് കേസെടുത്തതും. ഇതിൽ നിന്ന് തന്നെ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച വ്യക്തമാണ്.