സില്‍വര്‍ലൈന്‍ ചര്‍ച്ചയില്‍ സര്‍ക്കാരിന് ഭയം; ജോസഫ് മാത്യൂവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കളികള്‍; വിഡി സതീശന്‍

സിൽവർ ലൈൻ സംവാദ പാനൽ വെട്ടിനിരത്തൽ രാഷ്ട്രീയ കാരണങ്ങളാലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംവാദത്തിൽ നിന്ന് ഒഴിവാക്കിയ നടപടി രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണെന്ന് വി ഡി സതീശൻ ആരോപിച്ചു. കെ-റെയിൽ കോർപ്പറേഷന്റെ ഇടപെടലിനെ തുടർന്നുള്ള ഈ ഒഴിവാക്കൽ ദുരൂഹമാണ്. ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ റെയിൽ എം ഡി യുടെ സ്ഥാനമെന്ന് വി ഡി സതീശൻ ചോദിച്ചു.

ഇതിനിടെ സിൽവർലൈൻ സംവാദ പരിപാടിയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ജോസഫ് സി മാത്യു രംഗത്തെത്തി. സംവാദത്തിൽ നിന്ന് തന്നെ ഒഴിവാക്കിയത് എതിർ ചോദ്യങ്ങളെ ഭയക്കുന്നതിനാലാണ്. രാഷ്ട്രീയ കാരണങ്ങളാണ് ഒഴിവാക്കൽ നടപടി. സർക്കാർ രേഖാമൂലമാണ് ക്ഷണിച്ചത്. സംവാദത്തിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. തന്നെ ഒഴിവാക്കിയതിൽ ചീഫ് സെക്രട്ടറി മറുപടി പറയണമെന്നും ജോസഫ് സി മാത്യു ആവശ്യപ്പെട്ടു.

ജോസഫ് സി മാത്യുവിനെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധർ രാധാകൃഷ്ണനെയാണ് സർക്കാർ സിൽവർലൈൻ സംവാദ പരിപാടിയിൽ ഉൾപെടുത്തിയത്. ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ, കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ട, പ്രിന്‍സിപ്പല്‍ ഡോ. ആര്‍ വി ജി മേനോന്‍, പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാകും ഇനി പദ്ധതിയെ എതിർത്ത് പരിപാടിയിൽ പങ്കെടുക്കുക.

സർക്കാർ ജോസഫിനെ നേരത്തെ ഔദ്യോഗികമായി ക്ഷണിക്കുകയും സംവാദത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു . എന്നാൽ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരോ കെ റെയിലോ തയാറായിട്ടില്ല. ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയിൽവെച്ചാണ് പരിപാടി നടക്കുക. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്‌ധരും ചർച്ചയിൽ പങ്കെടുക്കും.