ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാന്‍ നീക്കം; ഇരുവരേയും ഫോണില്‍ വിളിച്ച്‌ വി ഡി സതീശന്‍

ഡി സി സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍കങ്ങളും പൊട്ടിത്തെറിയും പരിഹരിക്കാനുള്ള നീക്കവുമായി നേതൃത്വം. ഇതിനുള്ള ആദ്യപടിയായിെന്ന വണ്ണം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. സെപ്റ്റംബര്‍ ആറിന് ചേരുന്ന യുഡിഎഫ് മുന്നണി യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇരുനേതാക്കളോടും പ്രതിപക്ഷനേതാവ് അഭ്യര്‍ഥിച്ചു. സതീശന്റെ ക്ഷണത്തോട് ഇരുവരും എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി അറിയേണ്ടത്.

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപനത്തില്‍ ഇരുനേതാക്കളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരുന്നു. കാര്യങ്ങള്‍ വിശദമായി സംസ്ഥാനത്ത് ചര്‍ച്ച ചെയ്തില്ലെന്ന ആരോപണമാണ് ഇരുവരും ഉന്നയിച്ചത്. എ‌നനാല്‍ മുമ്ബെങ്ങും ഇല്ലാത്ത വണ്ണം നേതാക്കളെ വിളിച്ച്‌ ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഇവരെ തള്ളി രംഗത്ത് വരികയും ചെയ്തിരുന്നു. ഡിസിസി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ വെടിനിര്‍ത്തലാണ് പുതിയ നേതൃത്വം ആഗ്രഹിക്കുന്നത്. പരസ്യ പ്രഖ്യാപനത്തില്‍ ഹൈകമാന്‍ഡിന്റെ താക്കീതും ഉണ്ട്.

പുതിയ നേതൃത്വം സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ സമ്ബൂര്‍ണ യോഗമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ചേരുക. ഘടകകക്ഷികളായ ആര്‍എസ്പി, മുസ്ലിം ലീഗ് എന്നിവര്‍ക്ക് കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ അതൃപ്തിയുണ്ട്. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ആര്‍എസ്പിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ശനിയാഴ്ച ചേരുന്ന സംസ്ഥാന കമിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനമുണ്ടാകും.

ഘടകകക്ഷികള്‍ പങ്കെടുക്കുന്ന യോഗം ചേരുന്നതിന് മുന്‍പ് തന്നെ പാര്‍ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ഒരു പരിധിവരെയെങ്കിലും പരിഹരിക്കണമെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിയതിനെ തുടര്‍ന്നാണ് വിഡി സതീശന്‍ നേരിട്ട് അനുനയനീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡിസിസി ഓഫിസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേരിട്ട് പങ്കെടുത്തിരുന്നില്ല. ഓണ്‍ലൈന്‍ വഴിയാണ് ഇരുവരും പങ്കെടുത്തത്. അതുകൊണ്ടുതന്നെ സതീശന്റെ ക്ഷണത്തോട് ഇരുവരും എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്.