അവര്‍ ഞങ്ങള്‍ക്ക് പുതിയ മാതാപിതാക്കളായി, ഈ കുറിപ്പ് കണ്ണ് നനയിക്കും

മാതാപിതാക്കളുടെ മരണശേഷം തനിച്ചായ മൂന്ന് പെണ്‍മക്കളെ എടുത്ത് വളര്‍ത്തിയവരെക്കുറിച്ചുള്ള യുവതിയുടെ പോസ്റ്റ് വൈറലാകുന്നു. പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഏഴാം ക്ലാസുകാരിയായ എന്നെയും രണ്ട് സഹോദരിമാരെയും തനിച്ചാക്കി എന്റെ മാതാപിതാക്കള്‍ ഈ ലോകത്തോട് സ്വയം വിടപറഞ്ഞപ്പോള്‍ ഞങ്ങളുടെ ജീവിതം ശൂന്യമായിരുന്നു. ഞങ്ങള്‍ മൂവരും ഇരുട്ടിന്റെ അഗാധതയിലേയ്ക്ക് വീണുപോയി. ഭയം ഞങ്ങളെ വേട്ടയാടി.മൂന്നു പെണ്‍കുട്ടികളുടെ ഭാവിജീവിതം എന്താവുമെന്ന ചോദ്യചിഹ്നം ഞങ്ങളെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. കരഞ്ഞു കണ്ണീര്‍വറ്റിയ ഒരു പകലില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ഞങ്ങളെത്തേടി കലയപുരം ജോസും ഭാര്യ മിനിജോസും എത്തിയത്.സ്‌നേഹത്തോടെ അവര്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.അവര്‍ ഞങ്ങളുടെ പുതിയ മാതാപിതാക്കളായി’ – സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയാണ് ആശ എന്ന യുവതിയുടെ കുറിപ്പ്.
ആശയുടെ കുറിപ്പ് ഇങ്ങനെ:

എല്ലാവര്‍ക്കും നമസ്‌കാരം God bless you ഞാന്‍ ആശ , ഇന്ന് ( 30 / 12 / 2019 ) എന്റെ വിവാഹമാണ് . പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഏഴാം ക്ലാസുകാരിയായ എന്നെയും രണ്ട് സഹോദരിമാരെയും തനിച്ചാക്കി എന്റെ മാതാപിതാക്കള്‍ ഈ ലോകത്തോട് സ്വയം വിടപറഞ്ഞപ്പോള്‍ ഞങ്ങളുടെ ജീവിതം ശൂന്യമായിരുന്നു.ഞങ്ങള്‍ മൂവരും ഇരുട്ടിന്റെ അഗാധതയിലേയ്ക്ക് വീണുപോയി.ഭയം ഞങ്ങളെ വേട്ടയാടി.മൂന്നു പെണ്‍കുട്ടികളുടെ ഭാവിജീവിതം എന്താവുമെന്ന ചോദ്യചിഹ്നം ഞങ്ങളെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു .അതോടൊപ്പം ആത്മഹത്യാ മുനമ്ബിലേയ്ക്ക് പോവാമെന്ന ചിന്ത ഞങ്ങളെ മാടിവിളിച്ചു.അപ്പോഴാണ് കരഞ്ഞു കണ്ണീര്‍വറ്റിയ ഒരു പകലില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ഞങ്ങളെത്തേടി കലയപുരം ജോസും ഭാര്യ മിനിജോസും എത്തിയത്.സ്‌നേഹത്തോടെ അവര്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.അവര്‍ ഞങ്ങളുടെ പുതിയ മാതാപിതാക്കളായി.

സ്‌നേഹവും , ശാസനയും , സാന്ത്വനവും സമാസമം ചാലിച്ച് കൊട്ടാരക്കര ആശ്രയ എന്ന വലിയ പ്രസ്ഥാനത്തിന്റെ തണലില്‍ നിന്ന് ഞങ്ങള്‍ പഠിച്ചു. ഇന്ന് എന്റെയും സഹോദരിമാരുടെയും ജീവശ്വാസത്തില്‍ ആശ്രയയെന്ന പേരും , കലയപുരം ജോസും , മിനി ജോസും പിന്നെ പേരറിയാ സുമനസ്സുകളുടെ പ്രാര്‍ത്ഥനയും കലര്‍ന്നിട്ടുണ്ട്.വലിയ കഷ്ടപ്പാടുകള്‍ക്കിടയിലും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന ആശ്രയ പ്രസ്ഥാനം എന്നെ ജനറല്‍ നഴ്‌സിംഗ് ബിരുദധാരിയാക്കി. എന്റെ ചേച്ചിയെ ബി .എസ്.സി നഴ്‌സിംഗ് വരെ പഠിപ്പിച്ചു ജോലിയാക്കി . ഇന്നവള്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് . സന്തുഷ്ടമായൊരു കുടുംബജീവിത നയിച്ചുവരുന്നു . എന്റെ അനിയത്തി നാച്ചുറോപ്പതി മെഡിസിന് പഠിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ഇന്ന് വിവാഹപ്പന്തലിലേയ്ക്ക് പ്രവേശിക്കുകയാണ് .

കഷ്ടപ്പാടുകളുടെയും വേദനകളുടയും ഒരു ഭൂതകാലമുണ്ടായിരുന്നു എനിയ്ക്ക്. എന്നാലിന്ന് ഞാന്‍ സന്തോഷവതിയാണ് .ഭാവിജീവിതം തന്നെ തുലാസിലായ എനിയ്ക്കും സഹോദരിമാര്‍ക്കും പ്രതീക്ഷനല്‍കിയതും കരുത്തുപകര്‍ന്നതും ആശ്രയയെന്ന മഹാപ്രസ്ഥാനമാണ്.ഞങ്ങളുടെ ജീവിതം സുരക്ഷിതമാക്കിയ ആശ്രയയ്ക്കും ഞങ്ങളുടെ പപ്പയ്ക്കും മമ്മിയ്ക്കും എന്റെ ജീവശ്വാസം ഉള്ളിടത്തോളം കാലം ഞാന്‍ നന്ദിയുള്ളവളായിരിക്കും . അതോടൊപ്പം ഈ പ്രസ്ഥാനത്തെ സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാ സുമനസുകള്‍ക്കും എന്റെ സ്‌നേഹവും കടപ്പാടും അറിയിക്കുന്നു .എന്റെ കുടുംബജീവിതം സന്തോഷപ്പൂര്‍ണ്ണമാവാന്‍ ഏവരുടെയും പ്രാര്‍ത്ഥന ഉണ്ടാവുമെന്ന പ്രതീക്ഷയോടെ . . .

സ്‌നേഹപൂര്‍വ്വം ആശ