അല്ലു അർജുന് ജന്മദിന ആശംസയുമായി വൃദ്ധിക്കുട്ടി

അല്ലു അർജുൻ തന്റെ 38-ാം ജന്മദിനം ആഘോഷിക്കുകയാണ്. അല്ലുവിന്റെ ചിത്രങ്ങൾക്കെല്ലാം ഏറെ സ്വീകാര്യതയാണ് കേരളക്കരയിൽ ലഭിക്കാറുള്ളത്. നിരവധി ആരാധകരാണ് ആശംസയുമായെത്തിയിരിക്കുന്നത്. അല്ലു അർജുന്റെ ​ഗാനത്തിന് ഡാൻസു കളിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ വൃദ്ധി വിശാലും അല്ലുവിന് ജന്മദിന ആശംസയുമായെത്തി. അന്ന് വാത്തി കമിങ്’ എന്ന പാട്ടിനാണ് കൊച്ചു മിടുക്കി ചുവടുകൾവച്ചത്.

അല്ലുവിന്റെ ഏറെ ശ്രദ്ധേയമായ കുട്ടി ബൊമ്മാ കുട്ടി ബൊമ്മ എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചുകൊണ്ടാണ് വൃദ്ധി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹാപ്പി ബർത്ത്ഡേ അല്ലു അർജുൻ അങ്കിൾ ഞാൻ അങ്കിളിന്റെ ഒരു കട്ടഫാനാ വൃദ്ധിക്കുട്ടി പറയുന്നു.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് വൃദ്ധിക്കുട്ടി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ഡാൻസർമാരായ വിശാൽ കണ്ണന്റേയും ഗായത്രിയുടേയും മകളായ വൃദ്ധി ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇഷ്ട നടൻ അല്ലു അർജുനാണ്.അല്ലു അർജുനെ കാണിച്ചു തരാമെന്ന അച്ഛന്റെ വാക്ക് വിശ്വസിച്ച് അല്ലു ഫാനായ ഒരഞ്ചു വയസ്സുകാരി ഉത്സാഹത്തോടെ സീരിയൽ സെറ്റിലെത്തുകയായിരുന്നു.

സീരിയലിൽ അഭിനയിച്ചാൽ തന്റെ ഇഷ്ട നടനെ കാണാമെന്ന ധാരണയിൽ അഭിനയം സന്തോഷത്തോടെയും അത്യുത്സാഹത്തോടെയും അഭിനയിക്കാൻ തുടങ്ങുകയായിരുന്നു. എന്നാൽ ഇതിനിടെ ഈ മിടുക്കി കുട്ടിക്ക് സിനിമയിലേക്കും അവസരം എത്തിയിരുന്നു. ടൊവിനോ ചിത്രത്തിലേക്ക് അവസരം ലഭിച്ചെങ്കിലും സീരിയൽ ഷൂട്ടിങ് തിരക്കുകൾ കാരണം താരത്തിന് പോകാൻ സാധിച്ചില്ല.