വിവാഹസത്ക്കാരം കഴിഞ്ഞ് മാലിന്യം റോഡിൽ തള്ളി നൈസായിട്ട് മുങ്ങി: പോലീസ് പൊക്കി, വീട്ടുകാരെ കൊണ്ട് തന്നെ മാലിന്യം എടുപ്പിച്ചു

മാലിന്യം അപ്പുറത്തെ പറമ്പിൽ വലിച്ചെറിയുന്നത് മലയാളിയുടെ വ്യത്തിക്കെട്ട സംസ്കാരമാണ്. മാലിന്യം വലച്ചെറിയുന്നത് കാലാകാലങ്ങായി നടത്തിവരുന്ന ആചാരം പോലെയാണ്. നിലമ്പൂരിലാണ് വിവാഹവീട്ടിലെ മാലിന്യം വഴിയരികിൽ തട്ടി മാന്യൻമാർ സ്ഥലം കാലിയാക്കിയത്.

നിലമ്പൂർ പോത്തുകല്ലിൽ വിവാഹസത്‌കാരം കഴിഞ്ഞതിന് ശേഷം റോഡരികിൽ തള്ളിയ മാലിന്യമാണ് വീട്ടുകാരെക്കൊണ്ട് തന്നെ നീക്കം ചെയ്തത്. മാലിന്യം ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ നാട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു. പരാതിയെ തുടർന്ന് പോത്തുകല്ല് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവാഹസത്‌കാരം നടത്തിയ വീട്ടുകാരെ കണ്ടെത്തി നടപടി സ്വീകരിച്ചത്.

ഇക്കഴിഞ്ഞ പത്താം തീയതിയാണ് പോത്തുകല്ല് അണ്ടിക്കുന്നിലെ വീട്ടിൽ വിവാഹസത്‌കാരം നടന്നത്. തുടർന്ന് മാലിന്യങ്ങൾ ഇവർ പ്രധാന റോഡരികിൽ തള്ളുകയായിരുന്നു.

കോവിഡ് കാലത്ത് വിവാഹസത്‌കാരം സംഘടിപ്പിക്കാൻ മുൻകൂർ അനുമതി തേടണമെന്നതിനാൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ പോലീസിന് വട്ടം ചുറ്റേണ്ടി വന്നില്ല. പിന്നീട് കഴിഞ്ഞ ദിവസങ്ങളിൽ വിവാഹസത്ക്കാരം നടന്ന വീടുകളെ ചുറ്റിപ്പറ്റി അന്വേഷണം പുരോ​ഗമിച്ചു. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.

അന്വേഷണങ്ങൾക്കൊടുവിൽ അണ്ടിക്കുന്നിലെ വീട്ടുകാരാണ് സംഭവത്തിന് പിന്നിലെന്നും കണ്ടെത്തി. തുടർന്ന് തങ്ങൾ തന്നെ മാലിന്യം നീക്കംചെയ്യാമെന്ന് വീട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. ഇവരോടൊപ്പം ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന്നാട്ടുകാരും ചേർന്ന് പരിസരം ശുചീകരിക്കുകയും ചെയ്തു.