കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം, കമ്പമലയിൽ പരിശോധന ശക്തമാക്കി, ഹെലികോപ്‌ടർ നിരീക്ഷണത്തിന് ആലോചന

വയനാട് : കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ കമ്പമലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. പരിശോധനയുടെ ഭാഗമായി അതിർത്തിയിൽ ഡ്രോൺ പട്രോളിംഗും ത്രീ ലെവൽ പട്രോളിംഗും പോലീസ് ശക്തമാക്കിയിട്ടുണ്ട്. അതിർത്തിയിൽ വാഹന പരശോധനയും ഇതിന്റെ ഭാഗമായി നടത്തി വരികയാണ്.

തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുമായി ചേർന്ന് ജോയിന്റ് ഓപ്പറേഷനും ഹെലികോപ്‌‌ടർ പട്രോളിംഗും ആലോചനയിലുണ്ടെന്നും റിപ്പോർട്ടുണ്ട്. സെപ്‌തംബ‌ർ അവസാനവാരം കമ്പമലയിൽ മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. കേരള വനം വികസന കോർപ്പറേഷൻ (കെ എഫ് ഡി സി) ഓഫീസിലേക്ക് സായുധരായ ആറംഗ സംഘം അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു.

മാനേജറുമായി സംസാരിക്കാനെന്ന തരത്തിൽ ആദ്യം സംഘം ക്യാബിനിൽ കയറി. തുടർന്ന് ജീവനക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ട ശേഷം ഓഫീസ് ആക്രമിക്കുകയായിരുന്നു. കമ്പ്യൂട്ടറുകളും, ജനൽ ചില്ലുകളും, ഫർണിച്ചറുകളും അടിച്ചുതകർത്തു. ഓഫീസ് പരിസരത്ത് പോസ്റ്ററുകളും പതിച്ചാണ് സംഘം മടങ്ങിയത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രദേശത്തു നിന്നും സംഘം കടന്നു കളഞ്ഞിരുന്നു. ഇത് നാലാം തവണയാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ സംഘം കമ്പമലയിലെത്തുന്നത്.

വനംവകുപ്പിന്റെ ഓഫീസുകൾ അടിച്ചു തകർക്കുകയും പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ നശിപ്പിക്കുകയും സംഘം ചെയ്തിരുന്നു. ആയുധധാരികളായ ഇവരുടെ ആക്രമണം കാരണം രാത്രിയിൽ പുറത്തിറങ്ങാൻ ഭയമാണെന്നാണ് കമ്പമല നിവാസികൾ പറയുന്നത്.