കൊച്ചിയെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം നല്‍കിയ കോടികള്‍ എന്ത് ചെയ്തു- വി മുരളീധരന്‍

തൃശൂര്‍. കൊച്ചിയെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടത്തി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കോടികള്‍ എന്ത് ചെയ്തുവെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കൊച്ചി കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാര്‍ പിരിച്ച് വിടണം നടപടി എടുത്തില്ലെങ്കില്‍ അത് ജനങ്ങളോട് ചെയ്യുന്ന വലിയ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വിഷപ്പുക നിറഞ്ഞിട്ട് 10 ദിവസം പിന്നിടുന്നു. ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ദുരന്തം വരുമ്പോള്‍ ഓടിയൊളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്നും അദ്ദേഹ കുറ്റപ്പെടുത്തി. പിണറായി വിജയന് വൈക്കം വിശ്വന്റെ മരുമകന് അഴിമതി നടത്തുവാന്‍ കൂട്ടുനിന്നതിന്റെ ജാള്യയാകുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീ പിടിച്ചപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ വ്യോമസേനയെ കേരളത്തിലേക്ക് അയച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി, നഗരവികസന മന്ത്രി, പരിസ്ഥിതി മന്ത്രി എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് ഒഴിവാക്കിയ കമ്പനിക്ക് കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യ സംസ്‌കരണ കരാര്‍ എങ്ങനെ നല്‍കിയെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.