മോന്‍സന്റെ അറസ്റ്റ് ഐജി ലക്ഷമണയെ അറിയിച്ചത് അനിത പുല്ലയില്‍; ചാറ്റ് പുറത്ത്; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഐജി ലക്ഷമണയും പ്രവാസിയായ അനിത പുല്ലയിലും തമ്മില്‍ നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെ നടന്ന സംഭാഷണമാണ് പുറത്തു വന്നത്.

അനിതയെ ചോദ്യം ചെയ്യാന്‍ വിദേശത്തു നിന്നും വിളിച്ചു വരുത്തുമെന്ന് ഇന്നലെ ക്രൈംബ്രാഞ്ച്ന് സൂചനകള്‍ നല്‍കിയിരുന്നു, ഇതിനു പിന്നാലെയാണ് ചാറ്റ് പുറത്തുവിട്ടത്. മോന്‍സണ്‍ അറസ്റ്റിലായത് ലക്ഷമണയെ അറിയിച്ചത് അനിത പുല്ലയിലാണ്. ഡിജിറ്റല് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ വിളിച്ചുവരുത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

ഇയാളെക്കുറിച്ച്‌ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംശയം പ്രകടിപ്പിച്ചിരുന്നതായും ഇരുവരുടേയും സന്ദേശത്തിലുണ്ട്. രണ്ടു വര്‍ഷം മുമ്ബാണ് ബെഹ്‌റ ഇയാളുടെ ഇടപാടുകളെക്കുറിച്ച്‌ സംശയം പ്രകടിപ്പിച്ചത്. ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുളളവരെ അനിതയാണ് മോന്‍സന് പരിചയപ്പെടുത്തി കൊടുത്തതെന്ന് അനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു.

പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ടുളള പരിചയം മാത്രമാണ് തനിക്ക് മോന്‍സനുമായുളളതെന്നും അനിത പറഞ്ഞിരുന്നു. മോന്‍സനുമായി സാമ്ബത്തിക ഇടപാടുകളൊന്നുമില്ല. ഡിഐജി സുരേന്ദ്രനെ മോന്‍സന്റെ വീട്ടില്‍ വച്ചാണ് പരിചയപ്പെട്ടത്. ആളുകളുമായി പെട്ടന്ന് സൗഹൃദം സ്ഥാപിച്ചെടുക്കാനുളള കഴിവ് മോന്‍സനുണ്ടെന്നും അയാള്‍ വലിയ തട്ടിപ്പുകാരനാണെന്നും അനിത പറഞ്ഞിരുന്നു.