വിവാദമുണ്ടാക്കരുത്; ജനകീയാസൂത്രണ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് തോമസ് ഐസക്

ജനകീയാസൂത്രണ ഉദ്ഘാടന ചടങ്ങില്‍ നിന്ന് താന്‍ പിന്മാറിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് തോമസ് ഐസക്. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തില്‍ നിന്നും പിന്മാറിയിട്ടില്ല. ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത് ആശംസ അറിയിക്കും. തന്റെ പേരില്‍ വിവാദമുണ്ടാക്കരുതെന്നും തോമസ് ഐസക് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ജനകീയാസൂത്രണത്തിന്റഎ രജത ജൂബിലി ആഘോഷത്തിന്റെ ക്ഷണക്കത്തില്‍ തോമസ് ഐസക്കിന് സര്‍ക്കാര്‍ നല്‍കിയ സ്ഥാനം മുപ്പതാമതാണെന്നും പ്രതിഷേധിച്ച് ഐസക് പിന്മാറിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐസക്കിന്റെ പ്രതികരണം.

‘ജനകീയാസൂത്രണത്തിന്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റില്‍ അവിടെ സംസാരിച്ച മുഴുവന്‍പേരുടെയും പേരുവിവരം കൊടുത്തിട്ടുണ്ട്. അതില്‍ സംഘാടകരായ എന്റെയോ അനിയന്റെയോ പേരില്ല. ഞങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചിട്ടുമില്ല. ചടങ്ങ് അതിന്റെ പ്രോട്ടോക്കോളില്‍ നടന്നു. ഇന്ന് 25-ാം വാര്‍ഷികവും അങ്ങനെ തന്നെ.

അതുകൊണ്ട് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് എന്റെ പേരില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് മാധ്യമ സുഹൃത്തുക്കള്‍ പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചടങ്ങില്‍ നിന്ന് ഞാന്‍ പിന്മാറിയെന്നൊക്കെയുള്ള വാര്‍ത്തകള്‍ അസംബന്ധമാണ്. ചടങ്ങില്‍ ഞാന്‍ ഓണ്‍ലൈനായി പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം ആശംസകള്‍ അറിയിക്കുകയും ചെയ്യും. ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളില്‍ കൂടുങ്ങരുതെന്ന് പാര്‍ട്ടി സഖാക്കളോടും പാര്‍ട്ടി ബന്ധുക്കളോടും അഭ്യര്‍ത്ഥിക്കുന്നു’.