പടച്ചോന് പല പേരിടുന്നവരും, പേരിട്ട പടച്ചോന്‍ പേരു കേട്ടവനെന്ന് പറയുന്നവരുമൊക്കെ ഇവിടേമുണ്ട്, ഷിംന അസീസ് പറയുന്നു

അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയിരിക്കുകയാണ്. കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തു. കാബൂള്‍ വളഞ്ഞ താലിബാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസിഡന്റിന്റെ കൊട്ടാരവും കയ്യടക്കി. കൊട്ടാരത്തിലെ അഫ്ഗാന്‍ പതാക നീക്കി, താലിബാന്റെ കൊടി നാട്ടുകയും ചെയ്തു. പല കോണുകളില്‍ നിന്നും സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങളുടെ റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.

ഇവിടുള്ള താലിബാന്‍ അനുകൂലികളെ വായിക്കുമ്പോള്‍ നട്ടെല്ലിലൂടെ മിന്നല് പായുന്നുണ്ട്… ലോകത്തെ എന്ത് മൂലയിലും കയറി ഇടപെടുന്ന, അഭിപ്രായം പറയുന്ന ലോകരാജ്യങ്ങളൊക്കെ സംഘടനകളൊക്കെ കനത്ത മൗനത്തിലാണ്…. മനുഷ്യര് നിസ്സഹായരായി കേഴുമ്പൊ കണ്ണടച്ചിരുട്ടാക്കുകയാണ്… പടച്ചോന് പല പേരിടുന്നവരും, പേരിട്ട പടച്ചോന്‍ പേരു കേട്ടവനെന്ന് പറയുന്നവരുമൊക്കെ ഇവിടേമുണ്ട്… പല രൂപത്തില്‍, ഭാവത്തില്‍… ദൂരം തീരെ കുറവാ… തൊട്ടടുത്താ…-ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. ഷിംന അസീസിന്റെ കുറിപ്പ്, താലിബാന്‍ വല്ലാതെ ഭയപ്പെടുത്തുകയാണ്. ഇസ്‌ലാമികഭരണം എന്ന പേരില്‍ അഫ്ഗാനില്‍ പ്രധാനമായും അടക്കുന്നത് വിദ്യാഭ്യാസത്തിലേക്കുള്ള വഴികളാണ്. സ്‌കൂള്‍ കാണാത്ത തലമുറകള്‍ ചെന്ന് വീഴാന്‍ പോകുന്നത് യുഗങ്ങള്‍ പിറകോട്ടാണ്. പഠിക്കാത്ത പെണ്ണുങ്ങളുള്ള നാട്ടില്‍ നിലവാരം ഇടറുന്നത് വ്യക്തിയുടേതല്ല, കുടുംബങ്ങളുടേതാണ്, നാടിന്റേതാണ്. പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പ് തന്നെ ഭൂരിപക്ഷവും ഏതെങ്കിലുമൊരുവന്റെ അടിമയായി അവസാനിക്കും. നമ്മുടെ തൊട്ടരികില്‍ ഒരു രാജ്യത്ത് അവരുടെ ഭാവി ഇനി കണ്ണ് പോലും പുറംലോകം കാണാത്ത ഘോരാന്ധകാരത്തിലാകും.

പെണ്ണ് പഠിക്കരുത്, സംഗീതമോ തമാശകളോ പാടില്ല, കോവിഡ് വാക്‌സിനേഷനില്ല… ലോകത്ത് പോളിയോ എന്ന രോഗം ആകെ ബാക്കിയുള്ളത് അഫ്ഗാനിലും പാകിസ്ഥാനിലും മാത്രമാണ്. കാരണങ്ങളില്‍ മുന്നില്‍ താലിബാനിസവും തീവ്രവാദവുമാണ്. ഒരു രാജ്യമൊട്ടാകെ മരണം, രോഗം, ദുരിതം, തീരായാതന…

ഇവിടുള്ള താലിബാന്‍ അനുകൂലികളെ വായിക്കുമ്പോള്‍ നട്ടെല്ലിലൂടെ മിന്നല് പായുന്നുണ്ട്… ലോകത്തെ എന്ത് മൂലയിലും കയറി ഇടപെടുന്ന, അഭിപ്രായം പറയുന്ന ലോകരാജ്യങ്ങളൊക്കെ സംഘടനകളൊക്കെ കനത്ത മൗനത്തിലാണ്…. മനുഷ്യര് നിസ്സഹായരായി കേഴുമ്പൊ കണ്ണടച്ചിരുട്ടാക്കുകയാണ്… പടച്ചോന് പല പേരിടുന്നവരും, പേരിട്ട പടച്ചോന്‍ പേരു കേട്ടവനെന്ന് പറയുന്നവരുമൊക്കെ ഇവിടേമുണ്ട്… പല രൂപത്തില്‍, ഭാവത്തില്‍… ദൂരം തീരെ കുറവാ… തൊട്ടടുത്താ…