15 മില്യൺ ഡോളറിന്റെ നികുതി തട്ടിപ്പ് നടത്തിയ പോപ് സൂപ്പർതാരം ഷക്കീറക്ക് ജയിൽ ശിക്ഷ കിട്ടുമോ?

ബാർസിലോണ. നികുതി തട്ടിപ്പ് കേസിൽ കുടുങ്ങിയിരിക്കുന്ന പ്രശസ്ത പോപ് സൂപ്പർതാരം ഷക്കീറയ്ക്ക് തടവ് ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് സ്‌പാനിഷ് സ‌ർക്കാരിന്റെ അഭിഭാഷകർ. സ്‌പാനിഷ് സ‌ർക്കാരിൽ 15 മില്യൺ ഡോളറിന്റെ നികുതി തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച കരാർ തള്ളി നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഷക്കീറ തീരുമാനിച്ചതോടെയാണ് അഭിഭാഷകരുടെ ഈ തീരുമാനം.

കേസിൽ എട്ട് വർഷത്തിൽ കൂടുതൽ ജയിൽ വാസമായിരിക്കും താരം അനുഭവിക്കേണ്ടി വരികെയെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഷക്കീറ 2012നും 2014നും ഇടയിൽ സമ്പാദിച്ച വരുമാനത്തിൽ സ്പാനിഷ് നികുതി ഓഫീസിൽ അടക്കാതെ 14.5 മില്യൺ യൂറോയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2018ലാണ് താരത്തിനെതിരെ സ്പാനിഷ് അഭിഭാഷകർ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയാൽ പിഴ ഒടുക്കുകയോ ജയിൽവാസം അനുഭവിക്കേണ്ടിയോ ചെയ്യേണ്ടി വരും. കേസുമായി ബന്ധപ്പെട്ട വിചാരണയുടെ തീയതി ഇനിയും തീരുമാനിച്ചിട്ടില്ല. അതേസമയം, സ്പാനിഷ് നികുതി ഏജൻസിയിൽ എല്ലാ പണവും അടച്ചിട്ടുണ്ടെന്നും നികുതി അടയ്ക്കാതിരുന്നിട്ടില്ലെന്നുമാണ് ഷക്കീറയുടെ പബ്ളിക് റിലേഷൻസ് സ്ഥാപനം വ്യക്തമാക്കിയിട്ടുള്ളത്.