വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭം ധരിച്ചു,ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി രാജലക്ഷ്മി യാത്രയായി

പള്ളുരുത്തി:ജീവിതത്തില്‍ ഒരു കുഞ്ഞിക്കാല് കാണുന്നതാണ് ഏറ്റവും ധന്യമായ നിമിഷം.എന്നാല്‍ വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും അതിന് ഭാഗ്യം ലഭിക്കാത്തവരുണ്ട്.ഐവിഎഫ് ചികിത്സയിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നവരുമുണ്ട്.ഇത്തരത്തില്‍ വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് രാജലക്ഷ്മി(28)ജന്മം നല്‍കി.എന്നാല്‍ ആ കുഞ്ഞുങ്ങളെ ഒരുനോക്ക് കാണാനുള്ള ഭാഗ്യം ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ എഡി പുരം വീട്ടില്‍ ഷിനോജിന്റെ ഭാര്യയായ രാജലക്ഷ്മിക്ക് ഉണ്ടായില്ല.

രാജലക്ഷ്മിക്ക് കോവിഡ്19 സ്ഥിരീകരിച്ചിരുന്നു.കോവിഡ് സ്ഥിരീകരിച്ച ശേഷം ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി രാജലക്ഷ്മി മരിക്കുകയായിരുന്നു.കഴിഞ്ഞ14-ാം തീയതിയാണ് രാജലക്ഷ്മിക്ക് കോവിഡ്19 സ്ഥിരീകരിച്ചത്.തുടര്‍ന്ന് കളമശേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഈ സമയം എട്ട് മാസം ഗര്‍ഭിണിയായിരുന്നു രാജലക്ഷ്മി.കോവിഡിന് പുറമെ കനത്ത ന്യുമോണിയ ബാധയും പിടിപെട്ടു.തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അവിടെ രാജലക്ഷ്മി ഇരട്ട പെണ്‍ കുട്ടികള്‍ക്ക് ജന്മം നല്‍കി.കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥ്രിരീകരിച്ചു.കഴിഞ്ഞ ദിവസം വീണ്ടും ന്യുമോണിയ കടുത്തു.ഇത് രാജലക്ഷ്മിയുടെ വൃക്കയെ ബാധിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു.വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലക്ഷങ്ങള്‍ മുടക്കി ഐവിഎഫ് ചികിത്സയുടെ ഫലമായാണ് രാജലക്ഷ്മി ഗര്‍ഭം ധരിച്ചത്.കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം മാസം തികയാതെ പ്രസവത്തിനും ചികിത്സയ്ക്കുമായി പത്ത് ലക്ഷത്തില്‍ അധികം രൂപ ചിലവായി.തിരുവനന്തപുരം ബാലരാമപുരം സ്വദേശിനിയായ രാജലക്ഷ്മിയുടെ സംസ്‌കാരം ഇന്ന് ഇടക്കൊച്ചിയില്‍ നടത്തും.