സുരേഷ് ഗോപി വർഷങ്ങൾക്ക് ശേഷം അമ്മ വേദിയിൽ, പൊന്നാട അണിയിച്ച് സ്വീകരിച്ച് ഭാരവാഹികൾ

അമ്മ സംഘടനയിൽ വർഷങ്ങൾക്കുശേഷമെത്തി സുരേഷ് ഗോപി. അമ്മ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പിൽ മുഖ്യാതിഥിയായി സുരേഷ് ഗോപി എത്തിയത്. കൊച്ചി കലൂരിലെ അമ്മയുടെ ആസ്ഥാനമന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് താരം മുഖ്യാതിഥിയായത്. താരത്തെ അമ്മ ഭാരവാഹികൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിലെ സന്തോഷവും താരം പങ്കുവെച്ചു.സംഘടനയുടെ ആദ്യ അംഗമാണ് സുരേഷ് ഗോപി.

അമ്മ സംഘടിപ്പിച്ച ഗൾഫ് പരിപാടിയ്ക്കിടയിലുണ്ടായ തർക്കത്തെ തുടർന്നാണ് താരം സംഘടനയിൽ നിന്ന് വിട്ടുനിന്നത്. 1997ൽ ‘അറേബ്യൻ ഡ്രീംസ്’ എന്ന പരിപാടിയെ തുടർന്നുണ്ടായ സാമ്പത്തിക തർക്കമാണ് താരം ഭാരവാഹിത്വത്തിൽ നിന്ന് മാറി നിൽക്കാനുണ്ടായ കാരണം. എന്നാൽ സംഘടനയിൽ എന്ത് തീരുമാനമെടുക്കുമ്പോൾ തന്നോട് ചർച്ച ചെയ്യാറുണ്ടെന്ന് അദ്ദേഹം പല വേദികളിലും പറഞ്ഞിട്ടുണ്ട്. താരം വീണ്ടും സംഘടനയുടെ ഭാഗമായതിന്റെ സന്തോഷത്തിലാണ് ആരാധകർ.