ജീവിതം മടുത്തു, യുവ ഡോക്ടർ ജീവനൊടുക്കിയ സംഭവം, ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ അഭിരാമി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തതുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നും കുറിപ്പിൽ പറയുന്നു. തന്റെ മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്വമില്ലെന്നും അഭിരാമി എഴിതിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള മറ്റു കാരണങ്ങളൊന്നും കുറിപ്പിൽ വിശദമാക്കിയിട്ടില്ല.

മറ്റ് പ്രശ്‌നങ്ങളൊന്നും അഭിരാമിയെ അലട്ടിയിരുന്നതായി അറിവില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കുറച്ച് മാസം മുമ്പാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവുമായി കുടുംബ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. അമിതമായി അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

മെഡിക്കൽ കോളേജിന്റെ സമീപത്ത് താമസസ്ഥലത്താണ് അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്നവരാണ് അഭിരാമിയെ ആദ്യം കണ്ടത്.വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതോടെ വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അഭിരാമിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.