കഞ്ചാവും, മയക്കു മരുന്നും ഉപയോഗിച്ച് പൂസായി വാഹനം ഓടിക്കുന്നു

മദ്യത്തിനു പകരം കഞ്ചാവും, മയക്കു മരുന്നും കഴിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം പെരുകുന്നു. പോലീസിനു പോലും ഇവരെ കണ്ടുപിടിക്കാൻ ആകുന്നില്ല.. എന്നിട്ട് മദ്യപിക്കുന്നവരെ പിടികൂടാന്‍ എക്‌സൈസ് വകുപ്പിനും പോലീസിനും സര്‍ക്കാര്‍വക തന്നെ ബ്രീത്ത് അനലൈസര്‍ സംവിധാനവും ഉണ്ട്. . എന്നാല്‍ മദ്യത്തെക്കാള്‍ അപകടകാരിയായ മയക്കുമരുന്നുപയോഗം കണ്ടെത്താന്‍ സര്‍ക്കാരിന് വെറുംകൈ.

കേരളത്തില്‍ ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുമ്പോഴും ഇവ ഉപയോഗിച്ചവരെ കണ്ടെത്താനുള്ള പരിശോധനാ കിറ്റുകള്‍ ഒന്നും തന്നെ പോലീസിന്റെയോ എക്‌സൈസ് വകുപ്പിന്റെയോ കൈവശമില്ല. ഇത്തരത്തിലുള്ള സംവിധാനം ഉണ്ടെന്നിരിക്കെ ഇതിന്റെ സാധ്യത ആരായാതെ ഇരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും എക്‌സൈസ് വകുപ്പും.മദ്യപിച്ചവരെ കണ്ടെത്താന്‍ പൊലീസ് ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കുന്നതുപോലെ, ലഹരിമരുന്നു പരിശോധനാ കിറ്റ് വിവിധ സംസ്ഥാനങ്ങള്‍ കേരളത്തിന് പുറത്തെ പല സംസ്ഥാനങ്ങളിലും വിജയകരമായി ഉപയോഗിക്കുന്നുണ്ട്. ഗുജറാത്തിലെ വഡോദരയില്‍ പൊലീസ് ഇത്തരം കിറ്റുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

ലഹരിമരുന്നു ഉപയോഗവും അതിന്റെ ഫലമായി കുറ്റകൃത്യങ്ങളും പെരുകുന്ന സാഹചര്യത്തില്‍ കിറ്റുകള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടു കോട്ടയം ജില്ലാ പൊലീസ് മുന്‍ മേധാവി റിട്ട. ഐപിഎസ് ഓഫിസര്‍ എന്‍. രാമചന്ദ്രന്‍ കോടതിക്കു നിവേദനം നല്‍കിയിരുന്നു. ഈ നിവേദനം പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ച് നിലപാട് അറിയിക്കാന്‍ ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, എക്‌സൈസ് കമ്മിഷണര്‍ തുടങ്ങിയവരോട് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍ നിര്‍ദ്ദേശിച്ചു.

ലഹരിമരുന്ന് ഉപയോഗിച്ചാല്‍ മദ്യത്തെപോലെ വേഗം കണ്ടെത്താന്‍ കഴിയില്ലെന്നതാണ് പൊലീസിനെയും എക്‌സൈസിനെയും വലയ്ക്കുന്നത്. മദ്യപിച്ചാല്‍ പുറത്തുവരുന്ന രൂക്ഷഗന്ധവും പ്രത്യക്ഷമാകുന്ന ശാരീരിക വ്യതിയാനവും പോലെ മയക്കുമരുന്ന് ഗണത്തില്‍ പെട്ടവ ഉപയോഗിച്ചാല്‍ തിരിചച്‌റിയാനാവില്ല.
ഇതിനു പരിഹാരമായാണ് പരിശോധനാ കിറ്റ് വഡോദര പൊലീസ് വാങ്ങിയത്. ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരെ ഇതിലൂടെ വേഗത്തില്‍ കണ്ടെത്താം. മൂത്രവും ഉമിനീരും പരിശോധിച്ചാണ് ലഹരിമരുന്നു ഉപയോഗം കണ്ടെത്തുന്നത്. ഹെറോയിന്‍, കൊക്കൈയ്ന്‍, ഓപ്പിയം, കഞ്ചാവ് തുടങ്ങിയവയുടെ ഉപയോഗം പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയും. ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയവരെ ലഹരി വിമുക്ത കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയാണ് വഡോദര പൊലീസ് ആദ്യഘട്ടത്തില്‍ ചെയ്തത്.ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവും ഇതര സംസ്ഥാനങ്ങളില്‍നിന്നു മറ്റു ലഹരിമരുന്നുകളും കേരളത്തിലേക്ക് കടത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായാണ് എക്‌സൈസ് പറയുന്നത്.

കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ അപകടകരമായ രീതിയില്‍ ലഹരി ഉപയോഗം വര്‍ധിക്കുകയാണെന്ന് എന്‍. രാമചന്ദ്രന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുകള്‍ ലഭ്യമാണെന്നും, ഇതുപയോഗിച്ച് പരിശോധനാ കിറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ വാങ്ങാന്‍ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ അഭ്യര്‍ഥിക്കുന്നു. സര്‍ക്കാരിനെയും വിവിധ വകുപ്പ് തലവന്‍മാരെയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ പരിശോധനാ കിറ്റുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.ലഹരിവിരുദ്ധ നടപടികള്‍ക്കു മിക്കവാറും കേന്ദ്രസര്‍ക്കാരാണ് ഫണ്ട് അനുവദിക്കുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതു വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നു വ്യാപക പരാതിയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗുജറാത്തിലേക്ക് സംഘത്തെ അയയ്ക്കണമെന്നും ആവശ്യമുയര്‍ന്നു.

പിടിക്കപ്പെടാനുള്ള സാധ്യത കുറവായതിനാല്‍ മദ്യത്തിനു പകരം ലഹരിമരുന്ന് ഉപയോഗിക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കു വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകളും കൂട്ടത്തിലുണ്ട്. ഉപയോഗിക്കാനുള്ള എളുപ്പം, മണമില്ല, പരിശോധനകളില്‍ കണ്ടെത്തില്ല, നീണ്ടു നില്‍ക്കുന്ന ലഹരി, ചെലവ് കുറവ് തുടങ്ങിയ ഘടകങ്ങളാണ് യുവതലമുറയെ ഇത്തരം ലഹരികളിലേക്ക് ആകര്‍ഷിക്കുന്നത്. കൂടാതെ ലഹരി മരുന്ന ഉപയോഗം ഒരു ഫാഷന്‍ആയും കാണുന്നവര്‍ ഒട്ടും കുറവല്ല.ഇത്തരം മയക്കുമരുന്നുകള്‍ ക്രമാതീതമായി ശരീരത്തില്‍ എത്തുന്നതോടെ മാനസിക നിയന്ത്രണം നഷ്ടപ്പെട്ട് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും വരെ ഭീഷണിയാകുന്ന അപകടകരമായ സ്ഥിതിയിലേക്ക് വരെ എത്തിയേക്കും. ഇത് തന്നെയാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൊലപാതകങ്ങള്‍ക്കു വരെ കാരണമാകുന്നതും.ഈയടുത്ത് തിരുവനന്തപുരത്ത് യുവാവിനെ ഒരു കൂട്ടം ചെറുപ്പക്കാര്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം ലഹരിമാഫിയയുടെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു