രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം : ആവേശതിമിര്‍പ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് ; മധുരം നല്‍കി ആഹ്ലാദപ്രകടനവുമായി പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി : ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന സുപ്രധാന പ്രഖ്യാപനം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഏ കെ ആന്റണി പ്രഖ്യാപിച്ചതോടെ ആവേശതിമിര്‍പ്പിലായി വയനാട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ ആവേശത്തോടെയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വരവേറ്റത്.

ലഡുവും മധുരവും നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിട്ടു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടിലെ ആവേശഭരിതരാക്കിയെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ പറഞ്ഞു. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ഇന്നുമുതല്‍ സജീവമാക്കും. പ്രവര്‍ത്തകര്‍ക്ക് കാത്തിരിപ്പില്‍ നിരാശയില്ലെന്നും ഐ സി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
രാഹുലിന്റെ തീരുമാനം അഭിമാന മുഹൂര്‍ത്തമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. റെക്കോഡ് ഭൂരിപക്ഷത്തോടെ രാഹുല്‍ വയനാട്ടില്‍ നിന്നും വിജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയം കേരളത്തിലേക്ക് ഉറ്റുനോക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുലിന്റെ വരവോടെ കേരളത്തിലെ 20 സീറ്റുകളും യുഡിഎഫ് തൂത്തുവാരുമെന്നും ചെന്നിത്തല പറഞ്ഞു. രാഹുലിന്റെ വയനാട്ടിലെ മല്‍സരം ദേശീയ സഖ്യത്തെ ബാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും അഭിപ്രായപ്പെട്ടു.

എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഏകെ ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. വളരെ സന്തോഷമുള്ള കാര്യം അറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് ആന്റണി തുടങ്ങിയത്. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചു എന്നായിരുന്നു ആന്റണി പറഞ്ഞത്.