വോട്ടെടുപ്പ് അവസാനിച്ചു, പല ബൂത്തുകളിലും നീണ്ടനിര, വോട്ട് ചെയ്യാതെ മടങ്ങിയത് നിരവധിപേർ

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചിട്ടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര. കനത്ത വേനല്‍ച്ചൂടിനിടയിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. ഒടുവിലെ കണക്കനുസരിച്ച് പോളിങ് 70 ശതമാനമായി. ആറുമണിക്കുള്ളില്‍ ബൂത്തില്‍ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാം. തിരക്കുള്ള സ്ഥലങ്ങളില്‍ വോട്ടെടുപ്പ് എട്ടുമണി വരെ നീണ്ടേക്കാം.

ഇതുവരെ, കേരളത്തില്‍ 70.03 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 75.32%. പത്തനംതിട്ടയിലാണ് കുറവ്- 63.32%. 11 മണ്ഡലങ്ങളില്‍ പോളിങ് 70 സംസ്ഥാന ശരാശരിക്കം മുകളിലാണ്. സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാന്‍, എം.ബി.രാജേഷ്, കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, വീണാ ജോർജ്, പി.പ്രസാദ്, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, ശ്രീനിവാസൻ തുടങ്ങിയവരും ആദ്യമണിക്കൂറുകളിൽ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു.

രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ ആരംഭിച്ചു. ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണ് വിധിയെഴുതുന്നു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ്. വൈകിട്ട് ആറ് വരെ വോട്ടിങ് തുടരും. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്.

പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 -വോട്ടിങ് യന്ത്രങ്ങൾ, 30,238 – ബാലറ്റ് യൂണിറ്റുകൾ, 30,238 – കൺട്രോൾ യൂണിറ്റ്, 32,698 – വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. .