കെട്ടിക്കിടക്കുന്നത് 1503 കേസ്; പ്രത്യേക കോടതി അനുവദിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കണമെന്ന വകുപ്പിന്റെ നിര്‍ദേശം വര്‍ഷങ്ങളായി അവഗണിച്ച് സര്‍ക്കാര്‍. 2015 മുതല്‍ ആര്‍ഡിഒകളുടെ മുന്നിലും മജിസ്‌ട്രേട്ട് കോടതികളിലും കെട്ടിക്കിടക്കുന്നത് 1503 കേസുകളാണ്.

ഭക്ഷ്യവസ്തുക്കളില്‍ മായം കണ്ടെത്തിയതിനും കടകളിലെ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനും റജിസ്റ്റര്‍ ചെയ്ത കേസുകളാണിത്. മറ്റു കേസുകളുടെ കൂട്ടത്തിലാണ് കോടതികള്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസും പരിഗണിക്കുന്നത്. ഇത് ഏറെ കാലതാമസം ഉണ്ടാക്കുന്നതായും പ്രത്യേക കോടതികള്‍ സ്ഥാപിച്ചാല്‍ കേസുകള്‍ വേഗത്തില്‍ തീര്‍ക്കാനാകുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പലതവണ സര്‍ക്കാരിനെ അറിയിച്ചു.

ഒരു കോടതിയെങ്കിലും സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിച്ചാല്‍ അഞ്ചു ലക്ഷം രൂപവരെ പിഴയും ആറു മാസംവരെ തടവുമാണ് ശിക്ഷ. ഭക്ഷണം കഴിച്ചയാള്‍ മരിച്ചതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാല്‍ ഏഴു വര്‍ഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.