341 വനിതാ അഗ്നിവീർമാരെ ഉൾപ്പെടുത്തി, ചരിത്രമെഴുതി ഇന്ത്യൻ നാവികസേന

ന്യൂഡൽഹി. അഗ്നിവീർ പദ്ധതിയിലൂടെ ഇന്ത്യൻ നേവി 341 വനിതാ നാവികരെ നിയമിക്കും. നാവികസേനാ മേധാവി ആർ.ഹരികുമാറാണ് ഇക്കാര്യം അറിയിച്ചത്. അഗ്‌നിവീർ പദ്ധതിയുടെ ഭാഗമായി 3000 അഗ്നിവീറുകളെയാണ് നിയമിക്കുന്നത്.

ഇതിൽ 341 പേർ വനിതകളായിരിക്കും.. ആകെ 10 ലക്ഷം അപേക്ഷകരാണുണ്ടായത്. ഇതിൽ 82,000 പേർ വനിതാ അപേക്ഷകരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരുഷന്മാർക്കും വനിതകൾക്കും തിരഞ്ഞെടുപ്പ് പ്രക്രിയ ഒരുപോലെയായിരുന്നു. വനിതകൾക്ക് മാത്രമായി പ്രത്യേക ടെസ്റ്റുകൾ ഒന്നും നടത്തിയിരുന്നില്ല.

സേനയിൽ ജെൻഡർ ന്യൂട്രാലിറ്റി ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വനിതാ ഫൈറ്റർ പൈലറ്റുമാരെയും എയർ ഓപ്പറേഷൻമാരെയും നേരത്തേ നിയമിച്ചിരുന്നു. വരും വർഷങ്ങളിലും വിവിധ തസ്തികകളിൽ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്തും – നാവികസേനാ മേധാവി പറഞ്ഞു.