തിയേറ്ററില്‍ പോയി സിനിമ കാണാറില്ല, അതിനു പിന്നില്‍ വേദനിപ്പിക്കുന്ന ചില ഓര്‍മ്മകള്‍ ഉണ്ട്, ജാഫര്‍ ഇടുക്കി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജാഫര്‍ ഇടുക്കി. ഹാസ്യ താരമായും സ്വഭാവനടനായും അദ്ദേഹം തിളങ്ങി നില്‍ക്കുകയാണ്. 16 വര്‍ഷമായി സിനിമ ലോകത്ത് സജീവമാണ് അദ്ദേഹം. 150 ഓളം ചിത്രങ്ങളില്‍ ജാഫര്‍ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഇത്രയേറെ സിനിമയുമായി അടുത്ത ബന്ധമുള്ള താന്‍ സിനിമ തിയേറ്ററില്‍ പോയി കണ്ടിട്ട് പതിനാറ് വര്‍ഷങ്ങളായി എന്നാണ് താരം പറയുന്നത്. തന്റെ സിനിമ ആണെങ്കില്‍ കാണാറേ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ സിനിമ കാണാറില്ലെന്നും അതിന്റെ കാരണവും താരം വ്യക്തമാക്കിയത്.

ജാഫര്‍ ഇടുക്കിയുടെ വാക്കുകള്‍ ഇങ്ങനെ, ‘തിയേറ്ററില്‍ പോയി സിനിമ കാണാറില്ല. പത്തുപതിനാറ് കൊല്ലമായിക്കാണും തിയേറ്ററില്‍ പോയിട്ട്. അതിനു പിന്നില്‍ വേദനിപ്പിക്കുന്ന ചില ഓര്‍മ്മകള്‍ ഉണ്ട്. ഇടുക്കിയില്‍ ഉണ്ടായിരുന്നപ്പോള്‍ എന്റെ ഒരു അനിയത്തിക്കുട്ടിയും അവളുടെ ജ്യേഷ്ഠനുമൊക്കെ കൂടി ഞായറാഴ്ച മാറ്റിനിക്ക് ഇടുക്കി ഗ്രീന്‍ലാന്‍ഡ് തിയറ്ററില്‍ സിനിമക്ക് പോകുമായിരുന്നു.

വിവാഹമൊക്കെ കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ കുട്ടി മരിച്ചു. അതില്‍ പിന്നെ തിയേറ്ററില്‍ പോകുന്നത് ഒഴിവാക്കി. ടിവിയില്‍ മനസില്‍ പതിഞ്ഞ പഴയ സിനിമകള്‍ വന്നാല്‍ കാണും. എന്റെ സിനിമകള്‍ ഒട്ടും കാണാറില്ല. പിന്നെയുള്ള ഹോബി ടിവിയില്‍ ന്യൂസ് കാണലാണ്’.

ജാഫര്‍ ഇടുക്കിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം ചുരുളിയിലെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. അജഗജാന്തരം, പത്തൊമ്ബതാം നൂറ്റാണ്ട്, ഭീഷ്മപര്‍വ്വം എന്നീ സിനിമകളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.