12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോൺ ഇന്ത്യയിൽ ഇനി കിട്ടില്ല; നിരോധിക്കാൻ കേന്ദ്ര സർക്കാർ

ഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള ചൈനീസ് ബജറ്റ് മൊബൈൽ ഫോണുകൾ കേന്ദ്ര സർക്കാർ നിരോധിക്കാനൊരുങ്ങുന്നു . 12,000 രൂപയിൽ താഴെയുള്ള ഫോണുകളുടെ വിൽപന നിരോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്. എൻട്രി–ലെവൽ വിപണി തകരുന്നതു ഷഓമിക്കും അനുബന്ധ മൊബൈൽ കമ്പനികൾക്കും വലിയ രീതിയിൽ ദോഷം ചെയ്യും.

2022 ജൂൺ പാദത്തിൽ ഇന്ത്യയിലെ മൊബൈൽ ഫോൺ വിൽപനയുടെ മൂന്നിലൊന്നും 150 ഡോളറിനു താഴെയുള്ള വിഭാഗത്തിലായിരുന്നു. കൗണ്ടർപോയിന്റ് എന്ന മാർക്കറ്റ് ട്രാക്കറിന്റെ കണക്കനുസരിച്ച്, ഇതിൽ 80 ശതമാനം ഫോണുകളും ചൈനീസ് കമ്പനികളുടേതാണ്. ഇന്ത്യയുടെ നീക്കത്തിനു പിന്നാലെ ഹോങ്കോങ്ങിൽ തിങ്കളാഴ്ച ഷഓമിയുടെ ഓഹരികൾ വലിയ നഷ്ടം നേരിട്ടെന്നു ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

ഷഓമി, എതിരാളികളായ ഒപ്പോ, വിവോ തുടങ്ങിയ ചൈനീസ് കമ്പനികൾ നേരത്തേതന്നെ കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.