കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനവകുപ്പ് വാങ്ങിയത് 12 ബൊലേറോ ജീപ്പുകള്‍

സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ബൊലേറോ ജീപ്പുകളാണ് വാങ്ങിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിലനിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ധൂര്‍ത്ത്.

നാല്പതിനായിരം മുതല്‍ എഴുപതിനായിരം കിലോ മീറ്റര്‍ മാത്രം ഓടിയ വണ്ടികള്‍ക്ക് പകരമാണ് പുതിയ വാഹനങ്ങള്‍ വാങ്ങിയത്. നിയമസഭയില്‍ ധനമന്ത്രി നല്‍കിയ ഉത്തരത്തിലാണ് വിവരങ്ങളുള്ളത്. വാഹനങ്ങള്‍ വാങ്ങാനുള്ള ചെലവായത് 96 ലക്ഷം രൂപയാണ്. ധനകാര്യ പരിശോധനാ വിഭാഗത്തിന് നിലവിലുള്ള ഓള്‍ട്ടോ കാറില്‍ പരിശോധനക്കായി കൂടുതല്‍ ജീവനക്കാര്‍ക്ക് പോകാനുള്ള ബുദ്ധിമുട്ടാണ് പുതിയ വാഹനം വാങ്ങാനുള്ള ഒരു കാരണമായി പറയുന്നത്. 12 ജില്ലകളിലെ വാഹനങ്ങളില്‍ എസി ഇല്ലാത്തതിനാല്‍ മഴക്കാലത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും മറുപടിയിലുണ്ട്.

സാമ്പത്തിക പ്രതിസന്ധി മൂലം മുണ്ട് മുറുക്കി ഉടുക്കണമെന്നാണ് ധനവകുപ്പ് നിര്‍ദ്ദേശം. വകുപ്പ് മേധാവികള്‍ മാത്രമേ പുതിയ വാഹനം വാങ്ങാവൂ എന്ന കര്‍ശന നിര്‍ദ്ദേശവുമുണ്ട്. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പുതിയ വാഹനം വാങ്ങാതെ അപേക്ഷ ക്ഷണിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ധനവകുപ്പിന് കീഴിലെ ധനകാര്യപരിശോധന വിഭാഗം നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് പുതിയ നടപടി.

ധനകാര്യപരിശോധനാ വിഭാഗം തന്നെ പുതിയ വണ്ടികള്‍ വാങ്ങിയതിനാല്‍ മറ്റ് വകുപ്പുകളും പിന്നാലെ പുതിയ വാഹനം വാങ്ങാനുള്ള അപേക്ഷകളുമായി എത്തുമെന്നുറപ്പാണ്. പ്രളയം മൂലം ഉണ്ടായ നാശ നഷ്ടങ്ങള്‍ക്ക് ഇതുവരെയും പരിഹാരമാകാ തെ ജനം പുറത്ത് കഷ്ടപ്പെടുമ്പോഴാണ് സര്‍ക്കാര്‍ ജീവനക്കാര്‍ എ സി യാത്ര നടത്താന്‍ പുതിയ വാഹനം വാങ്ങി പണം ധൂര്‍ത്തടിക്കുന്നത്. അടിയന്തിര പ്രളയ സഹായമായ 10000 രൂപ പോലും കിട്ടാത്ത നിരവധിപേര്‍ സംസ്ഥാനത്ത് ഉള്ളപ്പോള്‍ ഏകദേശം ഒരു കോടി രൂപയോളമാണ് അനാവശ്യമായി വാഹനം വാങ്ങുന്നതിന് സര്‍ക്കാര്‍ ചെലവാക്കിയത്