കര്‍ണാടകയില്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേക്കാണ് സമ്പൂര്‍ണ
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.

നാളെ രാത്രി 9മണിമുതലാണ് കര്‍ഫ്യു ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ പറഞ്ഞു. രാവിലെ ആറുമുതല്‍ പത്തുവരെ അവശ്യ സേവനങ്ങള്‍ അനുവദിക്കും. പത്തുമണിക്ക് ശേഷം കടകള്‍ തുറക്കാന്‍ പാടില്ല. കാര്‍ഷിക,നിര്‍മ്മാണ മേഖലകള്‍ മാത്രം പ്രവര്‍ത്തിക്കാം. പൊതുഗതാഗതം അനുവദിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

60,000ലധികം പേര്‍ക്കാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ കര്‍ണാടകയില്‍ കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 34,804 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 43പേര്‍ മരിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടരലക്ഷം കടന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 13,39,201 ആയി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.70 ശതമാനമാണ്. 143 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതോടെ മരണംസംഖ്യ 14426 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 6982 പേരാണ് രോഗമുക്തി നേടിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.