കണ്ടെയിന്‍മെന്റ് സോണില്‍ കബടി കളി നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ടെയിന്‍മെന്റ് സോണില്‍ കബടി കളി നടത്തിയ ഒമ്പത് പേരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വെളിയങ്കോടിന് അടുത്ത് പാലപ്പെട്ടിയിലാണ് കണ്ടെയിന്‍മെന്റ് സോണില്‍ കബടി കളി നടത്തിയ ഒമ്പത് പേരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവിടെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒമ്പതോളം പേര്‍ കബടി കളി നടത്തിയത്. പിടികൂടിയവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ ഒരാള്‍ക്ക് ആണ് കൊറോണ സ്ഥിരീകരിച്ചത്.

പിടികൂടിയ ഒന്‍പത് പേര്‍ക്കെതിരെയും പെരുമ്പടപ്പ് പോലീസ് കേസെടുത്തു. കൊറോണ സ്ഥിരീകരിച്ച ആളെ പെരുമ്പടപ്പ് പഞ്ചായത്തിനു കീഴിലെ ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് മാറ്റി. മറ്റുള്ളവരോട് വീടിന്റെ പുറത്തിറങ്ങാത്ത രീതിയില്‍ നിരീക്ഷണത്തില്‍ ഇരിക്കാനും പോലീസും ആരോഗ്യവകുപ്പും കര്‍ശന നിര്‍ദേശം നല്‍കി.

ഇത് കൂടാതെ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയ വീട്ടുടമയ്ക്ക് എതിരെയും പെരുമ്പടപ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരെയും കൊറോണ പരിശോധനയ്ക്ക് വിധേയമാക്കി.