ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇ.ഡിക്ക് കൈമാറിയെന്ന് കെ.ടി ജലീല്‍

ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇ.ഡിക്ക് കൈമാറിയെന്ന് കെ.ടി ജലീല്‍ എംഎല്‍എ. മുഴുവന്‍ രേഖകളും ഇ.ഡിക്ക് മുന്നില്‍ സമര്‍പ്പിച്ചെന്നും പി. കെ കുഞ്ഞാലിക്കുട്ടിയെ ഇ.ഡി ഈ മാസം 17ന് വിളിച്ചുവരുത്തുമെന്നും കെ ടി ജലീല്‍ പറഞ്ഞു. 17ാം തിയതി മുഈനലി ശിഹാബ് തങ്ങളുടെയും മൊഴിയെടുക്കാനാണ് ഇ.ഡിയുടെ നീക്കം. താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് വിശ്വസിക്കുന്നതായും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘മുസ്ലിം ലീഗിന്റെ ഓഫിസ് നിര്‍മാണത്തിനെന്ന പേരില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ നിന്ന് പണം നീക്കിവയ്ക്കുകയും നാലര കോടിയോളം രൂപ ഭൂമി വാങ്ങുന്നതിനായി ചിലവഴിക്കുകയും ചെയ്തു. കോഴിക്കോട് മടവൂരിലാണ് ഇതിനാവശ്യമായ സ്ഥലം വാങ്ങിയത്. സാധാരണ രീതിയില്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കെട്ടിടങ്ങള്‍ വാങ്ങാറുള്ളത് ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ പേരിലാണ്.

ഇപ്പോള്‍ വാങ്ങിയ സ്ഥലം നിര്‍മാണത്തിന് അനുയോജ്യമായതല്ല. വെള്ളം കെട്ടിനില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ പ്രദേശമാണ്. അതിനോടനുബന്ധിച്ച് വേറെ നല്ല ഭൂമി പി കെ കുഞ്ഞാലിക്കുട്ടി തന്റെ മകന്‍ ആഷിഖിന്റെ പേരിലാണ് വാങ്ങിയത്. അതിന്റെ പണവും ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്നാണ് പോയത്. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് കിട്ടാവുന്ന രേഖകളാണ് ഇ.ഡിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. കെ ടി ജലീല്‍ വ്യക്തമാക്കി.

എ ആര്‍ നഗര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു കെ ടി ജലീല്‍ എറണാകുളത്ത് ഇഡി ഓഫിസില്‍ എത്തിയത്.
ചന്ദ്രിക ദിനപ്പത്രത്തെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പി കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിന്റെ ആരോപണം.