പാമ്പ് വേഗത്തിൽ ഇഴഞ്ഞു വന്ന് എന്റെ സാരിക്കുള്ളിൽ കയറി കാലിൽ ചുറ്റി- സീനത്ത്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീനത്ത്. നാടകത്തിലൂടെ തുടക്കം കുറിച്ച നടി 90കളിൽ സിനിമയിലെത്തി. സഹനടിയായി തുടക്കം കുറിച്ച താരം പിന്നീട് നെഗറ്റീവ് വേഷങ്ങളിലും തിളങ്ങി. സീരിയലിലും സജീവമായിരുന്നു. മലയാളനാടക സംവിധായകനും നിർമ്മാതാവുമായി കെടി മുഹമ്മദ് ആയിരുന്നു സീനത്തിന്റെ ആദ്യ ഭർത്താവ്. 1981ൽ ആയിരുന്നു ഇവർ വിവാഹിതർ ആയത്. 1993ൽ ബന്ധം പിരിഞ്ഞു.

നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ തുടക്കം. പിന്നീട് 1978 ൽ ‘ചുവന്ന വിത്തുകൾ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. പരദേശി, പെൺപട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളിൽ ശ്വേത മേനോന് ശബ്ദം നൽകിയത് സീനത്തായിരുന്നു. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം.

ചന്ദ്രോത്സവം എന്ന സിനിമയുടെ സെറ്റാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നാണ് ഇപ്പോൾ സീനത്ത് പറയുന്നത്, വാക്കുകളിങ്ങനെ,ചന്ദ്രോത്സവം എന്ന സിനിമയുടെ സെറ്റാണ് ഷൂട്ട് കഴിഞ്ഞപ്പോൾ കുറച്ചു ദിവസം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയത്. വരിക്കാശ്ശേരി മനയിലാണ് ഷൂട്ടിങ് നടക്കുന്നത്. അവിടെ ഒരു വലിയ മാവുണ്ട്. ഷൂട്ട് ഇല്ലാത്തപ്പോൾ എല്ലാവരും കൂടി കസേരയിട്ട് അവിടെ ഇരിക്കും എന്നിട്ട് വർത്തമാനം പറയൽ ഒക്കെയാണ്. ഷൂട്ടിന് വിളിച്ചാൽ അങ് പോകും. ഇല്ലെങ്കിൽ അവിടെ തന്നെയാണ്. മോഹൻലാൽ ഒക്കെ ഉണ്ട്.

‘അതിനിടെ ഗാന്ധിമതി ബാലൻ മോളുടെ കല്യാണം വിളിക്കാൻ അങ്ങോട്ട് വന്നു. എനിക്ക് ഈ സാരി ചവിട്ടുന്ന ഒരു സ്വഭാവമുണ്ട്. അങ്ങനെയാണ് ഇരിക്കുന്നത്. എല്ലാവരും സംസാരിച്ച് ഇരിക്കുകയാണ്. പെട്ടെന്ന് ഒരു പാമ്പ് വേഗത്തിൽ ഇഴഞ്ഞു വന്നു. അത് സ്ഥിരം പോകുന്ന വഴി ആയിരുന്നെന്ന് തോന്നുന്നു. അത് നേരെ വന്ന് എന്റെ സാരിക്കുള്ളിൽ കയറി കാലിൽ ചുറ്റി. ഞാൻ അവിടെന്ന് ചാടി എഴുന്നേറ്റ് കാല് വീശി. പാമ്പ് എങ്ങോട്ടോ തെറിച്ചു പോയി. അതിനെ പിന്നെ കണ്ടില്ല,’

‘ലാൽ ആണേൽ എന്നെ കളിയാക്കാനും തുടങ്ങി. അങ്ങനെ പിറ്റേ ദിവസമായി. രാവിലെ ഞാൻ വന്നു. ബാഗ് കൊണ്ടുപോയി വെക്കുന്ന സ്ഥലമുണ്ട്. അവിടെ കൊണ്ടുപോയി ബാഗ്‌ വെച്ചു. പഴയ പോലെ സംസാരിക്കാൻ വന്നിരുന്നു. അപ്പോൾ ശ്രീരാമേട്ടൻ ചോദിച്ചു, ബാഗ് എവിടെയാണ് വെച്ചതെന്ന്. ഞാൻ അകത്ത് സ്ഥലം പറഞ്ഞു. സ്വർണം വല്ലതും ഉണ്ടോ? എങ്കിൽ ആ ബാഗ് അവിടെന്ന് എടുത്തോളൂ ഇന്നലെ ആരുടെയൊക്കെയോ സാധനങ്ങൾ പോയെന്ന് പറഞ്ഞു,’

ഞാൻ പോയി ബാഗ് എടുത്തുകൊണ്ട് വന്നു. അവർ എന്നോട് ബാഗ്‌ തുറന്നു നോക്ക് സാധനം ഉണ്ടോ എന്ന് നോക്കു എന്ന് പറഞ്ഞു. ഞാൻ തുറന്നതും അതിനുള്ളിൽ നിന്ന് ഒരു പാമ്പ് മുന്നിലേക്ക് ചാടി. ഇത് കണ്ടതും ഞാൻ അലറി. എല്ലാവരും എന്താണെന്ന് ചോദിച്ച് ഓടി കൂടി. സംഭവം ഇവർ ഒപ്പിച്ച പണി ആയിരുന്നു. എന്നെ പേടിപ്പിക്കാൻ ബാഗിൽ ചാടുന്ന ടൈപ്പ് പ്ലാസ്റ്റിക് പാമ്പിനെ കയറ്റി വെച്ചതാണ്. കഴിഞ്ഞ ദിവസത്തെ പാമ്പിന്റെ പേടി മനസ്സിൽ കിടക്കുമ്പോൾ ആണ് ഇതും. പിന്നെ മുഴുവൻ കളിയാക്കൽ ആയിരുന്നു.