പേടിക്കാനൊന്നുമില്ല മോനേ… പ്രചരണത്തിന് അവധി നല്‍കി ആര്‍സിസിയുടെ പടവുകള്‍ കയറി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അവധി നല്‍കി ആര്‍സിസിയിലെ വരാന്തയില്‍ കാത്തിരുന്ന് അടൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എംജി കണ്ണന്‍. സ്ഥാനാര്‍ത്ഥിയുടെ ഒമ്പതുകാരന്‍ മകന്‍ ശിവകിരണ്‍ രക്താര്‍ബുദത്തിന് ചികിത്സയിലാണ്. വാഹനത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ ആര്‍സിസിയേക്ക് നോക്കിയ ശിവകിരണ്‍ കണ്ണനെ മുറുകെ പിടിച്ചു. ‘പേടിക്കാനൊന്നുമില്ല മോനേ..’ അച്ഛന്‍ കണ്ണന്റെ ആശ്വാസവാക്കുകള്‍. കണ്ണന്റെ തോളില്‍ ചേര്‍ന്നുകിടന്ന മകന്റെ മുഖം അമ്മ സജിതാമോള്‍ തുടച്ചുകൊടുത്തു.

അടൂര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് എം ജി കണ്ണന്‍. മകനെയുമെടുത്ത് ആശുപത്രിയുടെ ചുവടുകള്‍ കയറുമ്പോള്‍ മറ്റാരും അദ്ദേഹത്തെ തിരിച്ചറിഞ്ഞതുമില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന് അവധി നല്‍കിയാണ് കണ്ണന്‍ മകനെയുമായി ആര്‍സിസിയില്‍ എത്തിയത്.

ആദ്യം ഭാര്യ സജിതാ മോള്‍ക്ക് ഒപ്പം ശിവകിരണിനെ ആശുപത്രിയിലേക്ക് അയക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ രാത്രിയായപ്പോള്‍ ശിവകിരണിനു നിര്‍ബന്ധം, ‘അച്ഛനും കൂടി വരണം.’ ഒടുവില്‍ പ്രവര്‍ത്തകരെ വിളിച്ചു കണ്ണന്‍ പ്രചാരണസമയം പുനഃക്രമീകരിച്ചു. ഓമല്ലൂര്‍ മാത്തൂര്‍ ഗവ.യുപി സ്‌കൂളില്‍ പഠിക്കുന്ന ശിവകിരണിനു 3 വര്‍ഷം മുന്‍പാണ് പനി ബാധിച്ചത്. ഒരാഴ്ച കഴിഞ്ഞു വീണ്ടും പനി വന്നു. ഇതു പതിവായതിനൊപ്പം മുഖത്തു ചോര നിറമുള്ള പാടുകളും കണ്ടു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ആര്‍സിസിയിലേക്ക് അയച്ചത്.

ഇതോടെയാണ് ശിവകിരണിന് രക്താര്‍ബുദം എന്ന് സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ഛിച്ചിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നും വീട്ടില്‍ പോയി വരാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ് ഉമ്മന്‍ ചാണ്ടി ഇടപെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഉള്ളൂരിനടുത്ത് ഒരു വീട് വാടകയ്ക്ക് എടുത്തു. സാമ്പത്തികമായി തകര്‍ന്നപ്പോള്‍ നാട്ടുകാര്‍ സഹായിച്ചു. രണ്ട് വര്‍ഷം വാടകവീട്ടില്‍ താമസിച്ചാണ് ചികിത്സ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ മൂന്ന് മാസം കൂടുമ്പോള്‍ പരിശോധന നടത്തണം. രോഗം മടങ്ങി വരല്ലേ എന്നാണ് പ്രാര്‍ത്ഥന.