താരപുത്രി എന്ന പരി​ഗണന ലഭിച്ചിരുന്നെങ്കിൽ അഞ്ച് വര്‍ഷത്തിനിടെ ഒരു അവാര്‍ഡെങ്കിലും വാങ്ങുമായിരുന്നു-അഹാന

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ സിനിമ മേഖലയില്‍ വലിയ തോതില്‍ ചര്‍ച്ചയാവുകയാണ് നെപ്പോട്ടിസം. സിനിമ താരങ്ങളുടെ മക്കള്‍ക്ക് സിനിമ മേഖലയില്‍ ലഭിക്കുന്ന പ്രത്യേക അനുകൂല്യങ്ങള്‍ക്കും അവസരങ്ങള്‍ക്കും എതിരെ വ്യാപകമായ വിമര്‍ശനം ആണ് ഉയരുന്നത്. മലയാള സിനിമയിലേക്കും ഈ ചര്‍ച്ചകള്‍ കടന്ന് വരുന്നുണ്ട്. ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ.

അഹാനയുടെ ചിത്രം ചേര്‍ത്ത് ഒരു മീം പ്രചരിക്കുന്നുണ്ട്. ഇത് പങ്കുവെച്ചുകൊണ്ടാണ് നടിയുടെ പ്രതികരണം. ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് യൂട്യൂബില്‍ വിഡിയോ ചെയ്യാന്‍ താന്‍ ആലോചിക്കുന്നുണ്ട്. പക്ഷെ സ്വയം എങ്ങനെ സിനിമയിലെത്തി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ എന്നാണ് മീമിലെ ഉള്ളടക്കം. വളരെ രസകരമായ ഒന്നാണ് ഈ മീം എന്നാണ് നടി അഭിപ്രായപ്പെട്ടത്. പക്ഷെ ഇതിനായി കുറച്ചുകൂടെ മികച്ച ഒരു കാന്‍ഡിഡേറ്റിനെ തിരഞ്ഞെടുക്കാമായിരുന്നു എന്നും ആദ്യ സിനിമ കഴിഞ്ഞ് അഭിനേത്രി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാന്‍ അഞ്ച് വര്‍ഷം വേണ്ടിവന്ന ഒരാളല്ല ഇതിന് യോജിച്ചത്’എന്നുമായിരുന്നു അഹാന കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് നടി തന്റെ പ്രതികരണം നല്‍കിയിരിക്കുന്നത്.

മാത്രമല്ല ഒന്നു കൂടി അഹാന പങ്കുവെച്ചു. താരപുത്രി എന്ന പരിഗണന തനിക്ക് ലഭിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ താന്‍ പത്ത് സിനിമകളില്‍ അഭിനയിക്കുകയും ഒരു അവാര്‍ഡെങ്കിലും വാങ്ങുമായിരുന്നു. അതുകൊണ്ട് ഇത്തരം ഗ്യാങ്ങിലേക്ക് തന്നെ വലിച്ചിടരുതെന്നും അഹാന കൃഷ്ണ കുറിച്ചു.