എകെജി സെന്റര്‍ ആക്രമണം; പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി

തിരുവനന്തപുരം. എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളുവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്‍, ടി നവ്യ, സുബീഷ് എന്നിവര്‍ക്കായാണ് നോട്ടീസ് ഇറക്കിയത്. ക്രൈംബ്രാഞ്ച് എസ്പി നോട്ടീസ് വിമാനത്താവള അധികൃതര്‍ക്കും മറ്റുള്ള ഏജന്‍സികള്‍ക്കും നല്‍കി. ഗൂഢാലോചനാ കുറ്റമാണ് മൂന്ന് പേര്‍ക്കും എതിരെ ചുനത്തിയിരിക്കുന്നത്.

ആക്രമണത്തിന് പ്രതി ഉപയോഗിച്ച സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറായ സുബീഷിന്റേതാണ്. ആക്രമണം നടത്തുവാന്‍ പ്രതി ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്ന് പോലീസ് പറയുന്നു.

ആക്രമണത്തിന് ശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന്‍ സ്‌കൂട്ടര്‍ നവ്യയ്ക്കു കൈമാറിയ ശേഷം കഴക്കൂട്ടത്തേക്ക് കാറില്‍ പോയി. നവ്യ സ്‌കൂട്ടറുമായി കഴക്കൂട്ടത്തേക്ക് പോയി എന്നാണ് പോലീസ് പറയുന്നത്. ഈ സ്‌കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തി. ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്റര്‍ ആക്രമിക്കപ്പെടുന്നത്.