ദൃശ്യം പകർത്തിയ സംഭവം; ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് എഎംഎംഎ

ജനറൽ ബോഡി മീറ്റിംഗിലെ ദൃശ്യം പകർത്തിയ സംഭവത്തിൽ ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് മലയാള സിനിമാ അഭിനേതക്കളുടെ സംഘടനയായ എഎംഎംഎ. ഇതിനായി പ്രത്യേക കമ്മറ്റിയെ രൂപീകരിച്ചതായി എഎംഎംഎ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു പറഞ്ഞു. സിനിമ മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് ഇന്റേണൽ കമ്മിറ്റിയുണ്ടെന്ന് എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ പ്രതികരിച്ചു.

അതേസമയം മമ്മൂട്ടിയടക്കമുള്ള താരങ്ങൾ ഷമ്മിക്കെതിരേ നടപടിയെടുക്കരുതെന്ന അഭ്യർഥന നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എഎംഎംഎ ജനറൽ ബോഡിയിൽ ഷമ്മി തിലകനെ താക്കീത് ചെയ്തിരുന്നു. എന്നാൽ നടനെതിരെ നടപടി ആവശ്യമാണെന്ന് താരങ്ങളിൽ ചിലർ ഉറച്ച് നിന്നു. തുടർന്നാണ് വിഷയം അടുത്ത അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യാൻ ധാരണയായത്

കഴിഞ്ഞ ഞായറാഴ്ചയാണ് എഎംഎംഎയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ നടന്നത്. യോഗത്തിനെത്തിയ ഷമ്മി തിലകൻ ചർച്ചകൾ മൊബൈലിൽ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തിൽ പങ്കെടുത്ത താരങ്ങളിൽ ഒരാൾ സംഘടനാ നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്നാണ് ഷമ്മി തിലകനെതിരേ നടപടി വേണമെന്ന ആവശ്യവുമായി അം​ഗങ്ങൾ രം​ഗത്തെത്തിയത്.