സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ തെരഞ്ഞെടുത്തു

സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ തെരഞ്ഞെടുത്തു. നിലവില്‍ റോഡ് സേഫ്റ്റ് കമീഷണറായാണ് അദ്ദേഹം സേവനം അനുഷ്ഠിക്കുന്നത്. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്. ഏഴ് മാസം മാത്രമാണ് അനില്‍ കാന്തിന് കാലാവധിയുള്ളത്. സംസ്ഥാന മന്ത്രിസഭാ യോഗമാണ് അനില്‍ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്.

സുധേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നീ പേരുകളാണ് യുപിഎസ്സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ റോഡ് സേഫ്റ്റി കമ്മീഷണറായ അനില്‍കാന്തിനായിരുന്നു നേരത്തേ മുതല്‍ സാധ്യത കൂടുതല്‍. മൂന്നംഗ പട്ടികയില്‍ സീനിയര്‍ സുധേഷ്‌കുമാറാണെങ്കിലും വിവാദമാണ് തിരിച്ചടിയായത്. പൊലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്നാണ് സുപ്രീംകോടതി വിധി.

അതേസമയം സ്ഥാനമൊഴിഞ്ഞ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സേനാംഗങ്ങള്‍ യാത്രയയപ്പ് നല്‍കി. തിരുവനന്തപുരം എസ്എപി മൈതാനത്തായിരുന്നു ചടങ്ങ്. മറുപടി പ്രസംഗത്തില്‍ വികാരാധീനനായ ബെഹ്‌റ താനൊരു മലയാളിയെന്നും മുണ്ടുടുക്കും, ഇതൊന്നും ആരെയും കാണിക്കാനല്ലെന്നും കേരളം തനിക്ക് വേണ്ടപ്പെട്ടതെന്നും പറഞ്ഞു. കേരള പൊലീസിലെ നവീകരണത്തെക്കുറിച്ച് പറഞ്ഞ ബെഹ്‌റ ഇനിയും അത് തുടരേണ്ടതുണ്ടെന്നും പറഞ്ഞു. കേരളത്തില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.