അന്നും ഇന്നും ഈ ഫോണില്‍ ബാലുചേട്ടന്‍, മറക്കാനാവില്ലെന്ന് അനുശ്രീ

ഇപ്പോഴും ബാലഭാസ്‌കര്‍ എന്ന അതുല്യ പ്രതിഭയുടെ വിയോഗം വിശ്വസിക്കാനാവാത്തവരുണ്ട്.സംഗീത ലോകത്തോട് ബാലഭാസ്‌കര്‍ വിട പറഞ്ഞിട്ട് രണ്ട് വര്‍ഷമായി.2018 സെപ്റ്റംബര്‍ 25നാണ് വാഹനാപകടത്തില്‍ ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങുന്നത്.ഇപ്പോള്‍ ബാലുവിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് അദദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.ബാലഭാസ്‌കറിന്റെ ഫോട്ടോ വാള്‍പേപ്പറായി വച്ചിരിക്കുന്ന തന്റെ ഫോണിന്റെ ചിത്രമാണ് നടി അനുശ്രീ പങ്കുവച്ചിരിക്കുന്നത്.’അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍..ഒരിക്കലും മറക്കില്ല,’എന്ന് ചിത്രത്തോടൊപ്പം അനുശ്രീ കുറിച്ചു.

ബാലുവിന്റെ അടുത്ത സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസി പങ്കുവെച്ചത് വൈകാരികമായ ഒരു കുറിപ്പാണ്.’നീ ഞങ്ങളെ വിട്ടു പോയിട്ട് രണ്ടു വര്‍ഷമായി.പക്ഷെ നിന്റെ നിരുപാധികമായ സ്‌നേഹവും,സ്റ്റേജിലും അതിന് പുറത്തും നമ്മള്‍ പങ്കിട്ട മനോഹരമായ നിമിഷങ്ങളും എന്നും വിലമതിക്കാനാകാത്ത ഓര്‍മകളാണ്.ഈ നഷ്ടം വിവരിക്കാന്‍ വാക്കുകളില്ല.പക്ഷെ സംഗീതത്തിലൂടെ നീ സൃഷ്ടിച്ച മാജിക് ഇപ്പോഴും ആളുകളെ സുഖപ്പെടുത്തുകയും അവര്‍ക്ക് സമാധാനം നല്‍കുകയും സന്തോഷവും ആശ്വാസവും നല്‍കുകയും ചെയ്യുന്നു.നീയായിരുന്നു എനിക്ക് പിന്തുണ.നീയുണ്ടാക്കിയ ശൂന്യത ഇപ്പോഴും എന്റെ ഹൃദയത്തിലുണ്ട്.ഇന്നും ഓരോ ദിവസവും ഞാന്‍ നിന്നെ മിസ് ചെയ്യുന്നു ഐ ലവ് യു ബാലു,’-സ്റ്റീഫന്‍ കുറിച്ചു.2018 സെപ്റ്റംബര്‍ 25ന് ആയിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്.അന്നേ ദിവസം പുലര്‍ച്ചെ 4.30ഓടെ പള്ളിപ്പുറം ജംഗ്ഷന് സമീപമാണ് അപകടം സംഭവിച്ചത്.ബാലഭാസ്‌കറിന്റെ മകള്‍ സേജശ്വിനി ബാല സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.ബാലുവും കുടുംബവും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കറെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവര്‍ അര്‍ജുനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഓക്ടോബര്‍ രണ്ടിനു ബാലഭാസ്‌കര്‍ ലോകത്തോട് വിടപറഞ്ഞു.