മദ്യനയ അഴിമതിക്കേസ്, ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം നിരസിച്ച് കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം ഉടന്‍ പരിഗണിക്കില്ല. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ, ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹർജി അടുത്ത ബുധനാഴ്ച പരി​ഗണിക്കാമെന്ന് കോടതി അറിയിച്ചു.

കെജ്രിവാളിനെ തടവിലാക്കിയാല്‍ ജയിലില്‍ വച്ച് ഭരണം നടത്തുമെന്ന് എഎപി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗ്വന്ത് മന്‍ പറഞ്ഞു. ജയിലില്‍ കെജ്രിവാളിന് ഓഫീസ് സ്ഥാപിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെജ്രിവാള്‍ ജയിലില്‍ നിന്ന് ഡല്‍ഹി ഭരിക്കുമെന്ന എഎപി മന്ത്രി അതിഷിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ഗ്യാങുകള്‍ ജയിലില്‍ നിന്ന് നയിക്കാമെങ്കിലും സര്‍ക്കാരിനെ ജയിലില്‍ നിന്ന് നയിക്കാനാകില്ലെന്നായിരുന്നു ബിജെപി എംപി മനോജ് തിവാരിയുടെ പരിഹാസം. ഡല്‍ഹിയിലെ ജനങ്ങളെ ദുരിതത്തിലാക്കിയ കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ജനങ്ങള്‍ അത് മധുരം വിതരണം ചെയ്ത് ആഘോഷിച്ചെന്നും ബിജെപി ആരോപിച്ചു.