ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസാക്കി; കറുത്ത ദിനമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്ലിന്റെ വോട്ടെടുപ്പിന് മുന്‍പ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.

നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അതേസമയം പുതിയ ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയെന്നും. സഭ അദികാരപ്പെടുത്താതെ ഭേദഗതിയില്‍ മാറ്റം വരുത്തിയെന്നും ഇത് ചട്ടവിരുദ്ധമാണെന്നു രമേശ് ചെന്നിത്തല ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

അതേസമയം ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്ക് ഭേദഗതി വരുത്താമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷമാണ് ബില്‍ സഭയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജുഡീഷ്യല്‍ തീരുമാനം പരിശോധിക്കുവാന്‍ എക്‌സിക്യൂട്ടീവിന് സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാല്‍ പരിശോധിക്കുവാനുള്ള അധികാരം മുഖ്യമന്ത്രിക്കായിരിക്കും. ഉത്തരവില്‍ തീരുമാനം എടുക്കാനുള്ള ഗവര്‍ണറുടെ അധികാരം ഒഴിവാക്കും. എന്നാല്‍ മന്ത്രിമാര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായാല്‍ അത് പരിശോധിക്കുവനുള്ള അധികാരം മുഖ്യമന്ത്രിക്കാണ് ലഭിക്കുക. എന്നാല്‍ ബില്ല് നിയമസഭാ പാസക്കിയെങ്കിലും ഗവര്‍ണറുടെ അംഗീകരമാണ് നിര്‍ണായകം. ബില്ലുകള്‍ രാഷ്ടപതിയുടെ പരിഗണനയ്ക്ക് വിടുവാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ നീട്ടിക്കൊണ്ട് പോകും.