ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരായ നടിയുടെ പരാതിയില്‍ തെറ്റുകളുണ്ടെന്ന് ബാര്‍ കൗണ്‍സില്‍

ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരായ നടിയുടെ പരാതിയില്‍ തെറ്റുകളുണ്ടെന്ന് ബാര്‍ കൗണ്‍സില്‍. പരാതി തിരുത്തി നല്‍കണമെന്ന് നടിയോട് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ബാര്‍ കൗണ്‍സിലിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച്‌ പരാതി നല്‍കണമെന്നും മറുപടി. പിഴവുകള്‍ തിരുത്തി നല്‍കാതെ നടിയുടെ പരാതി പരിഗണിക്കാനാവില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. അഭിഭാഷകര്‍ക്കെതിരെ പരാതി നല്‍കുമ്പോള്‍ പരാതിയുടെ 30 കോപ്പികള്‍ നല്‍കണം ഒപ്പം 2500 രൂപായി ഫീസായി അടക്കുകയും വേണം. ഇത് രണ്ടും നടിയുടെ പരാതിയില്‍ ഇല്ലെന്ന് , ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍‌ പറഞ്ഞു.

ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ വച്ച്‌ ഒരു സാക്ഷിയെ കുറുമാറ്റാന്‍ ശ്രമം നടത്തിയതിന് പിന്നില്‍ പ്രതിഭാഗത്തെ ഒരു അഭിഭാഷകന്‍്റെ പേര് പറഞ്ഞു കേട്ടിരുന്നു. ദിലീപിന്‍്റെയും കൂട്ടാളികളുടേയും ഫോണുകള്‍ പരിശോധിച്ച മുംബൈയിലെ ലാബില്‍ അഭിഭാഷക സംഘം എത്തിയതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിയുമായി നടി ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. നടി ഇ-മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. ബാര്‍ കൗണ്‍സില്‍ ചട്ടമനുസരിച്ച്‌ എഴുതി തയ്യാറാക്കിയ പരാതി നേരിട്ട് നല്‍കണമെന്ന് ബാര്‍ കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു. പരാതി പരിശോധിച്ച ശേഷം കഴമ്ബുണ്ടെന്ന് കണ്ടാല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

ഇന്ന് രാവിലെയാണ് ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരെ പരാതിയുമായി നടി ബാര്‍ കൗണ്‍സിലിലെത്തിയത്. ഫിലിപ്പ് പി.വര്‍ഗീസ്, അഡ്വ ബി രാമന്‍ പിള്ള, സുജേഷ് മേനോന്‍ തുടങ്ങിയ അഭിഭാഷകര്‍ക്കെതിരെയാണ് പരാതി. സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും അഭിഭാഷകര്‍ കൂട്ടുനിന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയിലെ പിഴവുകള്‍ തിരുത്തി നല്‍കിയാല്‍ സ്വീകരിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍‌ പറഞ്ഞു.