മുതലക്കൊപ്പവും കരടിക്കൊപ്പവും ഡ്യൂപ്പില്ലാതെ ഫൈറ്റ് ചെയ്തതു, മുതല എന്നെയും കൊണ്ട് ഒരു പോക്ക് പോയി- ഭീമൻ രഘു

ജയന്റെ പെട്ടന്നുള്ള മരണത്തിനു ശേഷം അദ്ദേഹത്തിൻറെ പകരക്കാരനായി വെള്ളിത്തിരയിൽ എത്തിയ നടനാണ്‌ ഭീമൻ രഘു. ആദ്യമായി നായകനായ ഭീമൻ എന്ന ചിത്രത്തിൽ നിന്നാണ്‌ അദ്ദേഹത്തിന് ഭീമൻ രഘു എന്ന പേര് ലഭിച്ചത്. സംസ്ഥാന ചലച്ചിത്ര അവാർഡ് വേളയിൽ മുഖ്യമന്ത്രി പ്രസംഗിച്ച സമയം മുഴുവൻ എഴുന്നേറ്റ് നിന്നും, സിനിമാ പ്രമോഷൻ വേളയിൽ ചെങ്കോടിയേന്തി ചെന്നും ഇപ്പോൾ നിരന്തരം നടൻ ഭീമൻ രഘു വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോൾ മുൻപ് ചെയ്ത ഒരു സിനിമയുടെ വിശേഷങ്ങളാണ് താരം പറയുന്നത്. കരടിയുമായും മുതലയുമായും സാഹസിക രംഗങ്ങൾ ചെയ്തിരുന്നു എന്നും ഡ്യൂപ്പ് ഇല്ലായിരുന്നുവെന്നുമാണ് ഭീമൻ രഘു പറയുന്നത്. ഒരുപാട് കഷ്ട്ടപ്പാട് എടുക്കേണ്ടി വന്നുവെന്നും താരം.

‘ഡ്യൂപ്പില്ലാതെ ഞാൻ കരടിക്കും മുതലയ്ക്കും ഒപ്പം ഫൈറ്റ് ചെയ്തിട്ടുണ്ട്. മുതലയുടെ വായ കമ്പി വെച്ച് കെട്ടിയിരുന്നു. അതിനെയുംകൊണ്ട് വെള്ളത്തിൽ ഇറങ്ങിയായിരുന്നു ഷോട്ട്. അതിന്റെ കൂടെ മുങ്ങിയും പൊങ്ങിയും ഒരുപാട് ഷോട്ട് എടുത്തു. അതിനിടയ്ക്ക് മുതലയുടെ കമ്പിയിൽ നിന്നും എന്റെ പിടിവിട്ടു പോയി. അത് എന്നെയും കൊണ്ട് ഒരൊറ്റ പോക്കായിരുന്നു. പത്തിരുപത് അടി പോയിട്ടാണ് പിന്നെ ഞാൻ പൊങ്ങുന്നത്. നീന്തൽ അറിയുന്നത് കൊണ്ട് പ്രശ്‌നമൊന്നും ഉണ്ടായില്ല.’ ഭീമൻ രഘു പറഞ്ഞു.

‘പിന്നെയാണ് കരടിക്കൊപ്പം ഫൈറ്റ് ചെയ്തത്. അതിന്റെ കഴുത്തിൽ പിടിച്ച് കത്തിവെക്കുന്ന രംഗമായിരുന്നു. അതിന് വേദനിക്കാൻ തുടങ്ങിയപ്പോൾ അത് അലർച്ചയിടാൻ തുടങ്ങി. അതോടെ ആ ഷോട്ട് വേഗം ചെയ്തു തീർത്തു. പിന്നീട് ഒരു ഷോട്ട് കൂടി എടുക്കാൻ ചെന്നപ്പോൾ അത് ഓടി. ഞാൻ അതിന്റെ പിറകെ ഓടി.

മൃഗയ ഷൂട്ട് ചെയ്യുന്ന സമയത്തൊക്കെ ഡ്യൂപ്പിന് പകരം ഒർജിനൽ പുലിയെ പിടിച്ചോട്ടെ എന്ന് ഞാൻ ഐ. വി ശശിയോട് ചോദിച്ചിട്ടുണ്ട്’എന്നും ഭീമൻ രഘു തന്റെ അനുഭവം ഓർത്ത് പറഞ്ഞു. ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുമ്പോൾ മോഹൻലാൽ വളരെ ഫ്‌ലെക്‌സിബിൾ ആണെന്നും മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരിൽ മോഹൻലാലിന്റെ കൂടെ ഫൈറ്റ് ചെയ്യാൻ എളുപ്പമാണെന്നും അഭിമുഖത്തിൽ ഭീമൻ രഘു പറഞ്ഞു.