ബ്രഹ്മപുരത്തെ തീപിടുത്തം, അഗ്നിശമനസേനയുടെ മുന്നറിയിപ്പ് ഒരു വർഷം മുൻപ് ലഭിച്ചിരുന്നു ; കണ്ണടച്ചത് ജില്ലാഭരണകൂടം

കൊച്ചി : ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ ജില്ലാഭരണകൂടവും പ്രതിക്കൂട്ടിലാക്കുന്നു. അഗ്നിശമനസേനയുടെ മുന്നറിയിപ്പ് ജില്ലാ ഭരണകൂടം അവഗണിച്ചുവെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. പ്ലാന്റിലെ അഗ്നിസുരക്ഷാ ക്രമീകരണങ്ങളിലെ അപാകതകള്‍ അഗ്നിശമനസേന 2022 ജനുവരിയില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പ്ലാന്റില്‍ പരിശോധന നടത്തിയ ശേഷം തൃക്കാക്കര സ്‌റ്റേഷന്‍ ഓഫീസറാണ് അപാകതകള്‍ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാതെ, റിപ്പോർട്ട് തന്നെ പൂഴ്ത്തുന്ന നടപടിയാണ് ജില്ലാഭരണകൂടം സ്വീകരിച്ചത്.

ഇതിന്റെ അന്തരഫലമാണ് ഇപ്പോൾ കൊച്ചിയിലെ ജനത അനുഭവിക്കുന്നത്. അപാകതകൾ ചൂണ്ടിക്കാട്ടി 2022 ജനുവരി അഞ്ചിനാണ് ജില്ലാഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. ഫയര്‍ ഹൈഡ്രന്റും മോണിറ്ററും പ്രവര്‍ത്തനക്ഷമമല്ല, അഗ്നിശമന യൂണിറ്റുകള്‍ക്ക് പ്ലാന്റിലേക്ക് എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയുണ്ട്, സമീപത്തെ പുഴയില്‍ നിന്ന് ജലം എടുക്കാന്‍ സാധിക്കുന്നില്ല, പ്ലാന്റില്‍ വൈദ്യുതി കണക്ഷനില്ലെന്നതടക്കമുള്ള പോരായ്മകൾ എടുത്തുപറഞ്ഞിരുന്നു.

ഇനിയൊരു തീപ്പിടിത്തമുണ്ടായാല്‍ വലിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതെല്ലം ജില്ലാഭരണകൂടം പാടെ അവഗണിച്ചു. ഇതിന് മുമ്പ് തീപിടിത്തം ഉണ്ടായപ്പോൾ വലിയ പരിശ്രമത്തിലൂടെയാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. അന്നത്തെ തീപ്പിടിത്തങ്ങളില്‍ വിഷവാതകം ശ്വസിച്ച് ജനങ്ങള്‍ക്ക് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടായി. ഇനിയൊരു തീപിടുത്തം ഉണ്ടായാൽ വലിയ അളവില്‍ വിഷവാതകം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

ഇതെല്ലം പാടെ അവഗണിച്ച ജില്ലാഭരണകൂടം ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ ഉത്തരവാദിയാണ്. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതുണ്ട്. ഒരു ജനതയെ തന്നെ ശ്വാസംമുട്ടിച്ച അധികൃതർ അതിനുള്ള ശിക്ഷയും അനുഭവിക്കേണ്ടതുണ്ട്.