VCയുടെ വിലക്ക് ലംഘിച്ച് ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം, തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം : കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം നടത്തിയതിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ സർവകലാശാലാ റജിസ്ട്രാറോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെയായിരുന്നു ബ്രിട്ടാസിന്റെ നടപടി.

സർവകലാശാലാ ജീവനക്കാരുടെ ഇടതുസംഘടന സംഘടിപ്പിച്ച പരിപാടി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിലക്കണമെന്ന് റജിസ്ട്രാർക്കു വിസി രേഖാമൂലം നിർദേശം നൽകിയിരുന്നു. സർവകലാശാലാ ജീവനക്കാർ തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്നവരാണെന്നും ക്യാംപസിനുള്ളിൽ പുറത്തു നിന്നുള്ളവർ പ്രഭാഷണം നടത്തുന്നത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്നും വിസി ചൂണ്ടിക്കാട്ടി.

തുടർന്ന് രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു. എന്നാൽ ഇതവഗണിച്ച് പരിപാടി സംഘടിപ്പിക്കുകയായിരുന്നു. .‘ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം.