ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം: പണം വാഗ്ദാനം ചെയ്തതിന് കേസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന് പരസ്യത്തിന് എതിരെയായിരുന്നു പരാതി.  സ്വതന്ത്ര സ്ഥാനാർഥി ബോസ്‌കോ കളമശേരിയുടെ പരാതിയിലാണ് കേസ്.120 (0) ,123 (1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരസ്യം പ്രസിദ്ധീകരിച്ച വെബ്ബ് സൈറ്റിന് എതിരെയാണ് കേസെടുത്തത്.

മൂന്ന് ദിവസം മുൻപ് ബോസ്‌കോ കളമശേരി ഉമാ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കേസ് നൽകിയിരുന്നു. ബൂത്തിന് 25001 രൂപ കൊടുക്കുമെന്നുള്ള കാർഡ് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയായിരുന്നു പരാതി. പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണിതെന്നാണ് ബോസ്‌കോയുടെ പരാതി. ഉമ തോമസിനെതിരെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാതി നൽകിയത്. ഉമയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.