വിഷക്കായ കഴിച്ച് അവശരായി ; പന്ത്രണ്ട് കുട്ടികൾ ആശുപത്രിയിൽ

ഷിംല: വനത്തില്‍നിന്ന് വിഷക്കായ കഴിച്ച് അവശരായ പന്ത്രണ്ട് കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. ഹിമാചല്‍പ്രദേശിലെ ഉനയിലാണ് സംഭവം. കുടിയേറ്റത്തൊഴിലാളികളുടെ കുട്ടികളെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഛര്‍ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.

മാതാപിതാക്കള്‍ വെള്ളിയാഴ്ച ജോലിയ്ക്ക് പോയ സമയത്ത് കുട്ടികള്‍ തൊട്ടടുത്ത വനത്തില്‍ നിന്ന് വിഷക്കായകള്‍ കഴിക്കുകയായിരുന്നു. മൂന്ന് മുതല്‍ ഒമ്പത് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വിഷബാധ ഉണ്ടായത്. ലാല്‍സിംഘി ഗ്രാമത്തിലാണ് അപകടകരമായ സംഭവം ഉണ്ടായത്.

സമയോചിതമായ ചികിത്സയിലൂടെ എല്ലാ കുട്ടികളും അപകടനില തരണംചെയ്തുവെന്നാണ് അധികൃതർ നൽകുന്ന വിവരം. ആശുപത്രിയിലെത്തിക്കുന്ന സമയത്ത് കുട്ടികളുടെ നില അതീവ ഗുരുതരമായിരുന്നു. എല്ലാ കുട്ടികളും അപകടനില തരണംചെയ്തെന്നും ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിലെ ഡോക്ടര്‍ വികാസ് ചൗഹാന്‍ പ്രതികരിച്ചു.