കെ-റെയില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; അനുവദിക്കില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കുന്നില്ലെങ്കിലും പദ്ധതിയെ പൂര്‍ണമായും തള്ളിപ്പറയാന്‍ അവര്‍ക്കും സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പദ്ധതി അനുവദിക്കില്ലെന്ന് പ്രതിപക്ഷം ആവർത്തിച്ച് പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണമായും പദ്ധതിക്ക് അനുകൂലമായ നിലപാടായിരുന്നു മുമ്പ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. എന്നാൽ , കേന്ദ്രം അനുമതി തന്നാലും ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് സമരം ചെയ്യുമെന്നും സില്‍വര്‍ ലൈന്‍ ഭൂമി ഏറ്റെടുക്കലിന് ഇറക്കിയ വിജ്ഞാപനം പിന്‍വലിച്ച് പതിനായിരക്കണക്കിന് പാവങ്ങളുടെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷം വികസനത്തിന്റെ ഒപ്പം നില്‍ക്കുന്നവരാണ്. പക്ഷെ കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ല .പദ്ധതിക്കെതിരേ മുദ്രാവാക്യം വിളിച്ചതിന് ആയിരക്കണക്കിന് കേസുകളാണെടുത്തിരിക്കുന്നത്. സമരം ചെയ്തതിന് കേസെടുക്കണമെങ്കില്‍ ഏറ്റവും കൂടുതല്‍ കേസെടുക്കേണ്ടത് സിപിഎമ്മിനെതിരേയാണ്. മഞ്ഞക്കുറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനുള്ള സഹാനുഭൂതി സര്‍ക്കാര്‍ കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുടര്‍ ഭരണം കിട്ടിയതിന്റെ ധാര്‍ഷ്ട്യത്തില്‍ അനുമതികളൊന്നും ഇല്ലാത്ത പദ്ധതിയുമായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിനയത്തോടെയാണ് പ്രതിപക്ഷം മറുപടി നല്‍കിയത്. അവസാനം ധാര്‍ഷ്യം പരാജയപ്പെടുകയും വിനയം വിജയിക്കുകയും ചെയ്തു. നിങ്ങള്‍ വിജയിച്ചു, പക്ഷെ നാടിന്റെ പരാജയമാണെന്നാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്.

ഇത് നാടിന്റെ വിജയമാണ്. നിരന്തരമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി കേരളത്തെ പാരിസ്ഥിതികമായി തകര്‍ക്കുമെന്നും സംസ്ഥാനത്തെ ശ്രീലങ്കയാക്കി മാറ്റുമെന്നും പ്രതിപക്ഷം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.