‘കോളജ് റൊമാന്‍സ്’ ഭാഷ ആറുവഷളൻ, സംവിധായകനും അപൂര്‍വ അറോറയ്ക്കും എതിരെ കേസ്

ന്യൂഡല്‍ഹി . ഒടിടി പ്ലാറ്റ്‌ഫോം ആയ ടിവിഎഫില്‍ സ്ട്രീം ചെയ്യുന്ന കോളജ് റൊമാന്‍സ് വെബ് സീരീസിലെ ഭാഷ അറുവഷളനെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായകന്‍ സിമര്‍പ്രീത് സിങ്ങിനും അഭിനയിച്ച അപൂര്‍വ അറോറയ്ക്കും എതിരെ കേസെടുക്കാനുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ച് കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

ആളുകള്‍ പൊതുമധ്യത്തില്‍ സാധാരണ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ചു വരുന്ന ആരെയും ഞെട്ടിപ്പിക്കുന്നതാണ് സീരീസിലെ സംഭാഷണങ്ങള്‍ എന്ന് പറഞ്ഞ കോടതി, ആളുകളെ അസ്വസ്ഥരാക്കും എന്നതുകൊണ്ടുതന്നെ കോടതിക്ക് അത് ചേംബറില്‍ ഇയര്‍ ഫോണ്‍ വച്ചു കേള്‍ക്കേണ്ടിവന്നു. രാജ്യത്തെ പൗരന്മാരോ യുവാക്കളോ ഉപയോഗിക്കുന്ന ഭാഷയാണ് ഇതെന്നു കോടതി കരുതുന്നില്ല – ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ തന്റെ ഉത്തരവില്‍ പറയുന്നു.

പരമ്പരയ്‌ക്കെതിരെ കേസെടുക്കാനുള്ള അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയുണ്ടായി. ഐടി നിയമം 67, 67എ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് കോടതി ഉത്തരവ് ഇട്ടിരിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരമൊരു ഭാഷാ പ്രയോഗം അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു. രാജ്യത്തെ ജനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യുവാക്കളും സംസാരിക്കുന്നത് ഇത്തരം ഭാഷയാണ് എന്ന് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് ശരിയല്ല. അതു പൊതുതാത്പര്യത്തിനു വിരുദ്ധവും അപകടകരവുമാണ് – കോടതി പറഞ്ഞു.