കുടുംബശ്രീ പ്രവര്‍ത്തകർക്ക് വായ്പ വാഗ്ദാനം ചെയ്ത് വോട്ടു തേടുന്നു, തോമസ് ഐസക്കിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി, വിശദീകരണം തേടി കലക്ടര്‍

പത്തനംതിട്ട: കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി വായ്പ വാഗ്ദാനം ചെയ്തു ചെയ്തു വോട്ടു തേടുന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി നല്കി കോൺ​​ഗ്രസ്. സംഭവത്തിൽ തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടര്‍. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തോമസ് ഐസക്കിനോട് നിര്‍ദേശിച്ചിട്ടുള്ളത്.

കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി വായ്പ വാഗ്ദാനം ചെയ്തു, കെ ഡിസ്‌ക് എന്ന സര്‍ക്കാര്‍ പദ്ധതി വഴി കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ച് തൊഴില്‍ വാഗ്ദാനം ചെയ്തു വോട്ടു തേടുന്നു എന്നീ പരാതികളാണ് യുഡിഎഫ് ഉന്നയിച്ചിരുന്നത്.

ഈ പരാതിയിലാണ് ജില്ലാ കലക്ടര്‍ തോമസ് ഐസക്കിനോട് വിശദീകരണം തേടിയത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്ത് പ്രചാരണം നടത്തുന്നത് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ജില്ലാ കലക്ടര്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. കെ ഡിസ്‌ക് പദ്ധതി തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയതാണെന്നും, അതിന്റെ ഉപദേഷ്ടാവ് മാത്രമാണ് താനെന്നുമാണ് തോമസ് ഐസക്ക് നേരത്തെ വിശദീകരിച്ചിരുന്നത്.