മൃതദേഹം സംസ്‌കരിക്കുന്നതിനായി കുഴിയെടുപ്പ് വരെ വീട്ടുവളപ്പില്‍ നടത്തി, കോവിഡ് ഫലത്തില്‍ ആകെ ആശയ കുഴപ്പം

പാലോട്: കേരളത്തില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി ഉയരുകയാണ്.എന്നാല്‍ കോവിഡ് പരിശോധനയില്‍ ചില പിഴവുകള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.അത്തരത്തില്‍ ഒരു സംഭവമാണ് പാലോട് നിന്നും പുറത്ത് എത്തുന്നത്.ഹൃദയാഘാതം മൂലം മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയില്ല.ആദ്യ കോവിഡ് പരിശോധനയില്‍ പോസിറ്റീവും രണ്ടാം പരിശോധനയില്‍ നെഗറ്റീവും ആയിരുന്നു.ഇത്തരത്തില്‍ വ്യക്തമല്ലാത്ത പരിശോധനാഫലം വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.മരിച്ച വ്യക്തിയുടെഅവസാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.ഹൃദയാഘാതം മൂലമാണ് നന്ദിയോട് മീന്‍മുട്ടി ആറ്റരികത്ത് വീട്ടില്‍ വിജയന്‍(45)മരിക്കുന്നത്.തുടര്‍ന്ന് നടത്തിയ ആദ്യ കോവിഡ് പരിശോധനയില്‍ പോസിറ്റീവും പിറ്റേദിവസം നടത്തിയ ടെസ്റ്റില്‍ നെഗറ്റീവും ആയിരുന്നു.എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷവും വിജയന്റെ മൃതദേഹം വിട്ടു നല്‍കാന്‍ തയ്യാറാകാഞ്ഞതോടെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്ത് എത്തി.വിജയന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള കുഴിയെടുപ്പ് വരെ വീട്ടുവളപ്പില്‍ നടത്തിയിരുന്നു.എന്നാല്‍ പാലോട് സിഎച്ച്‌സി മൃതദേഹം ഏറ്റുവാങ്ങി നെടുമങ്ങാട് ശാന്തിതീരത്തില്‍ സംസ്‌കരിക്കുമെന്നും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌കരിക്കാന്‍ തനിക്ക് നിര്‍ദേശം ലഭിച്ചു എന്നും പാലോട് സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത് പറഞ്ഞു.

കോവിഡ് ഫലം സംബന്ധിച്ച് വ്യക്തത ഇല്ലാത്തതാണ് മൃതദേഹം വിട്ടു കൊടുക്കാത്തത്.എന്നാല്‍ രണ്ട് ഫലത്തില്‍ ഏതാണ് തങ്ങള്‍ വിശ്വസിക്കേണ്ടത് എന്ന് വിജയന്റെ ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നു.തിങ്കളാഴ്ച ഉച്ചയോടെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് വിജയനെ പാലോട് സിഎച്ച്‌സിയില്‍ പ്രവേശിപ്പിക്കുന്നത്.അവിടെ പ്രാധമിക ചികിത്സ നല്‍കി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് വിട്ടു.എന്നാല്‍ വഴിമധ്യേ മരണം സംഭവിച്ചു.ജില്ലാ ആശുപത്രിയില്‍ എത്തി നടത്തിയ കോവിഡ് ടെസ്റ്റില്‍ രാത്രിയോടെ പോസിറ്റീവ് ആണെന്ന ഫലം എത്തി.ഇക്കാര്യം ബന്ധുക്കളെയും അറിയിച്ചു.ഇതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.എന്നാല്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയിരുന്നു.ഇക്കാര്യം പാലോട് സിഎച്ച്‌സിയിലെ ആറോഗ്യ പ്രവര്‍ത്തകരെ അറിയിച്ചു.അതേസമയം വിജയന് കോവിഡ് പോസിറ്റീവ് ആണെന്ന വിവരം പുറത്ത് എത്തിയതോടെ പ്രദേശം ആകെ പരിഭ്രാന്തിയില്‍ ആയിരുന്നു.ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലമാണ് ആരോഗ്യ വകുപ്പ് അന്തിമമായ പരിഗണിക്കുന്നത്.ഫലത്തെ സംബന്ധിച്ചു ആരോഗ്യ വകുപ്പ് വ്യക്തത വരുത്തി മൃതദേഹം വിട്ടുകിട്ടണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.കൂലിവേലക്കാരനാണ് വിജയന്‍.ഭാര്യ:ദേവി.മക്കള്‍:വിജേഷ്, ചിന്നു.