നാട് ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ അടിച്ചു പൊളിച്ച് കല്യാണം ആഘോഷിക്കാന്‍ മനസു വരുന്നില്ല; യുവാവ്

സംസ്ഥാനം കൊറോണയെ പ്രതിരോധിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. നാട് കൊറോണയെ തുടര്‍ന്ന് ഭീതിയിലായിരിക്കെ അടിച്ചുപൊളിച്ച്‌ കല്യാണം നടത്താന്‍ താല്‍പ്പര്യമില്ലെന്നും തന്റെ വിവാഹം മാറ്റിവെയ്ക്കുവെന്നും യുവാവ്.

കോട്ടയം മണിമല സ്വദേശി സനൂപ് കാക്കനാശേരിലാണ് തന്റെ വിവാഹം മാറ്റിവെച്ചതായി ഫേസ്ബുക്ക് വഴി അറിയിച്ചത്. ഈ മാസം 15നാണ് സനൂപിന്റേയും ശാലിനിയുടെയും വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊറോണയെ തുടര്‍ന്ന് ആളുകള്‍ കൂടുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പത്രസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

സനൂപ് ഇട്ട പോസ്റ്റ്‌ ഇങ്ങനെ: നാട് ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്ബോള്‍ അടിച്ചു പൊളിച്ച്‌ കല്യാണം ആഘോഷിക്കാന്‍ മനസു വരുന്നില്ല. കൊറോണെയെന്ന സാമൂഹ്യ വിപത്തിനെതിരെ പോരാടാന്‍ ഞാനുമുണ്ട്. ഈ മാസം 15 ന് നിശ്ചയിച്ച എന്റെ വിവാഹം മാറ്റിവയ്ക്കുകയാണ്. ഒന്നു കൂടെ ആലോചിച്ചു പോരെയെന്ന് കൂട്ടുകാരടക്കം ചോദിച്ചു, പക്ഷേ ഞങ്ങള്‍ക്ക് ഒരു തീരുമാനമേയുള്ളൂ. എത്ര നാളന്നറിയില്ല, എല്ലാവരും സന്തോഷത്തോടെ കഴിയുന്ന അന്നേ ഞങ്ങള്‍ ഒന്നാകുന്നുള്ളൂ. ഞങ്ങളുടെ കല്യാണം മാറ്റിവയ്ക്കുകയാണ്. ഇനി എന്നായാലും ഞാന്‍ താലി ചാര്‍ത്തുമ്ബോള്‍ കാണാന്‍ നിങ്ങളുമുണ്ടാവും.