കാന്‍സര്‍ വരെ മാറ്റുന്ന കൃപാസനം പൂട്ടി, പൂട്ടി, രോഗ ശാന്തി സത്യമോ മിഥ്യയോ

ഒരു പ്രളയം വന്നാലും ഒരു വൈറസ് വന്നാലും ഇത്രയുമേ ഉള്ളു. രോഗ ശാന്തി എഴുതി ഉറപ്പാക്കി കൊടുക്കുന്ന ധ്യാന കേന്ദ്രങ്ങൾക്ക് ഒന്നൊന്നായി ഷട്ടർ ഇടുന്ന വാർത്തകൾക്ക് പിന്നാലെ ക്യാൻസർ വരെ മാറ്റുന്ന കൃപാസനം ധ്യാന കേന്ദ്രവും അടച്ചു. ക്യാനസര്‍ വരെ ക്യപാസനത്തില്‍ പോയതിലൂടെ മാറിയിട്ടുണ്ടെന്ന് ആളുകള്‍ സാക്ഷ്യം പറയുന്ന കേന്ദ്രമാണിപ്പോൾ ഒരു വൈറസിനേ ഭയന്ന് പൂട്ടിയത്. മാത്രമല്ല എല്ലാ അസുഖങ്ങളും അകറ്റാൻ കൃപാസനം പത്രം വീട്ടിൽ വയ്ച്ചാൽ മതി എന്നും പ്രചരണം ഉണ്ടായിരുന്നു. രോഗം മാറൻ കൃപാസനം പത്രം അരച്ച് ദേശയിലും ചോറിലും കറിയിലും പാലിലും ചായയിലും ഒക്കെ കഴിച്ചവർ വരെയുണ്ടായിരുന്നു. ഇത്ര കഠിനമായ വിശ്വാസത്തിന്റെ അടിവേരാണ്‌ കൊറോണ വൈറസ് ഇളക്കിയിരിക്കുന്നത്.

ക്യാനസര്‍ വരെ ക്യപാസനത്തില്‍ പോയതിലൂടെ മാറിയിട്ടുണ്ടെന്ന് ആളുകള്‍ സാക്ഷ്യം പറയുന്നുണ്ടെങ്കിലും കൊറോണയെ പേടിച്ച് ധ്യാനകേന്ദ്രവും അടച്ചുപൂട്ടി. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കൃപാസനത്തില്‍ എല്ലാ പരിപാടികളും നിര്‍ത്തി വച്ചതായി കൃപാസനത്തിന്റെ എച്ച് ആര്‍ മാനേജര്‍ അറിയിച്ചു.

`ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും കെസിബിസിയുടെയും നിര്‍ദേശങ്ങള്‍ മാനിച്ചുകൊണ്ട് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൃപാസനത്തില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന ഉടമ്പടി ഉള്‍പ്പെടെ എല്ലാ ശുശ്രൂഷകളും പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുന്നതായി പ്രാര്‍ത്ഥനാപൂര്‍വ്വം അറിയിക്കുന്നു ശുശ്രൂഷകള്‍ പുനഃരാരംഭിക്കുന്നതിന് രണ്ടുദിവസം മുമ്പ്‌ കൃപാസനം മാധ്യമങ്ങള്‍ വഴി വിവരം പൊതുജനങ്ങളെ അറിയിക്കുന്നതാണ്.´- കൃപാസനം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കൊറോണ വൈറസിനെ പേടിച്ച് ആത്മീയ കേന്ദ്രങ്ങളും ആള്‍ദൈവ ആരാധനാ കേന്ദ്രങ്ങളും അടച്ചു പൂട്ടുകയാണ്. വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ക്രൈസ്തവ മേഖലയില്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉംറ തീര്‍ത്ഥാടനവും മാറ്റിവെച്ചുകഴിഞ്ഞു. ശബരിമല ഉള്‍പ്പെടെയുള്ള ആരാധനാകേന്ദ്രങ്ങളില്‍ ഇത്തവണ ചടങ്ങുകള്‍ മാത്രമാകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്സവാഘോഷങ്ങളും പള്ളി പെരുന്നാളുകളും കുറയ്ക്കുവാനും സര്‍ക്കാര്‍ നിര്‍ദേശം വന്നു കഴിഞ്ഞു.

രോഗ ശാന്തി എന്ന പ്രചരിപ്പിക്കുന്നത് മിഥ്യയോ സത്യമോ എന്ന് കൂടി ഇവിടെ ചർച്ചയാവുകയാണ്‌. മരുന്നിനേയും ശാസ്ത്രത്തേയും വെല്ലുവിളിക്കാൻ ആർക്ക് സാധിക്കും എന്ന ചോദ്യവും ഉയരുന്നു. പ്രളയം വന്നപ്പോൾ പോട്ടയിലെ ധ്യാന കേന്ദ്രത്തിൽ മരണത്തിൽ നിന്നു പോലും അന്തേവാസികളേ രക്ഷിക്കാൻ ആയിരുന്നില്ല. അന്നും ഒടുവിൽ രക്ഷിക്കാൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫേസ്ബുക്ക് വീഡിയോയിലൂടെ പോലീസിനോട് അപേക്ഷിക്കുകയായിരുന്നു.